Connect with us

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബൈയില്‍ പിടിയില്‍

പിടികൂടുമ്പോള്‍ ഇയാള്‍ ബോട്ടില്‍ മീന്‍ പിടിക്കുകയായിരുന്നു.

Published

|

Last Updated

കോഴിക്കോട്| കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ പോലീസ് മുംബൈയില്‍ നിന്ന് സാഹസികമായി പിടികൂടി. സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിലെ ഒ മോഹന്‍ദാസ്, മെഡിക്കല്‍ കോളജ്  എസ്ഐ  പവനന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പിടികൂടുമ്പോള്‍ ഇയാള്‍ ബോട്ടില്‍ മീന്‍ പിടിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്ന് മാസമായി പോലീസിന് മുന്നില്‍ വലിയ വെല്ലുവിളിയായിരുന്നു വിനീഷിനെ കണ്ടെത്തല്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായ വിനീഷ് മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 10-ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി മാറ്റിയിരുന്നു. എന്നാല്‍ ഡിസംബര്‍ 29-ന് പുലര്‍ച്ചെ ശുചിമുറിയുടെ പിന്‍ഭാഗം തുരന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ നാല് പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിനീഷിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉള്‍പ്പെടെ പോലീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയില്‍ നിന്ന് ഭീഷണിയുണ്ടെന്ന ആശങ്കയില്‍ ദൃശ്യയുടെ കുടുംബവും കഴിഞ്ഞ ദിവസങ്ങളില്‍ ആശങ്കയിലായിരുന്നു.

ചായ കുടിക്കാന്‍ നല്‍കിയ സ്റ്റീല്‍ ഗ്ലാസ് ഉപയോഗിച്ച് ടൈല്‍ ഇളക്കി നീക്കി ഭിത്തി തുരന്ന് രക്ഷപ്പെട്ടതാണ് അന്വേഷണത്തില്‍ വ്യക്തമായത്.

2021-ലാണ് പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വദേശിനിയായ ദൃശ്യ (21)യെ വിനീഷ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് തീ വെച്ചതിന് ശേഷം വീട്ടില്‍ കയറി പെണ്‍കുട്ടിയെ ആക്രമിച്ചായിരുന്നു കൊലപാതകം.

---- facebook comment plugin here -----