International
ഇറാൻ, അമേരിക്ക ചർച്ച ആരംഭിച്ചു; നേതാക്കൾ നേർക്കുനേർ കാണുന്നില്ല; ആശയവിനിമയം പാക് പ്രതിനിധികൾ വഴി
പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് ആണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.
ഇറാനിയൻ കൺസൾട്ടേറ്റീവ് അസംബ്ലി സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള ഇറാനിയൻ പാർലമെന്ററി പ്രതിനിധി സംഘം ഇസ്ലാമാബാദിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുന്നു
ഇസ്ലാമാബാദ് | പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി ഇറാനും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ ചർച്ചകൾക്ക് പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ തുടക്കമായി. പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് ആണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും നടത്തുന്ന ക്രിയാത്മകമായ ചർച്ചകളെ അദ്ദേഹം സ്വാഗതം ചെയ്തു.
മധ്യസ്ഥൻ എന്ന നിലയിൽ പാകിസ്താൻ രണ്ട് പ്രതിനിധി സംഘങ്ങളുമായും പ്രത്യേകം ആശയവിനിമയം നടത്തുകയാണ്. പ്രോക്സിമിറ്റി ടോക്സ് എന്നറിയപ്പെടുന്ന ഈ രീതിയിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഒരേ ഹോട്ടലിലുണ്ടെങ്കിലും നേർക്കുനേർ ചർച്ച നടത്തില്ല. പാകിസ്താൻ ഉദ്യോഗസ്ഥർ ഓരോ വിഭാഗത്തിന്റെയും സന്ദേശങ്ങൾ മറ്റേ വിഭാഗത്തിന് കൈമാറുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്.
സമാധാന ചർച്ചകൾക്കായി ഇറാൻ പ്രധാനമായും നാല് വ്യവസ്ഥകളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ പൂർണ്ണ പരമാധികാരം ഉറപ്പാക്കുക, യുദ്ധം വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, മരവിപ്പിച്ച ഇറാന്റെ സ്വത്തുക്കൾ നിബന്ധനകളില്ലാതെ വിട്ടുനൽകുക, പശ്ചിമേഷ്യയിൽ ഉടനീളം സ്ഥിരമായ വെടിനിർത്തൽ നടപ്പിലാക്കുക എന്നിവയാണവ.
അതേസമയം ഇറാൻ ഒരിക്കലും അണുവായുധം കൈവശം വെക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിലാണ് അമേരിക്കയുടെ പ്രധാന ശ്രദ്ധ. ചർച്ചയ്ക്ക് മുന്നോടിയായി ലബനാനിലെ ഇസ്റാഈൽ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന ശക്തമായ നിലപാട് ഇറാൻ സ്വീകരിച്ചിട്ടുണ്ട്.
അമേരിക്കൻ പ്രതിനിധി സംഘത്തെ വൈസ് പ്രസിഡന്റ് ജെ ഡി വൻസ് നയിക്കുമ്പോൾ ഇറാൻ സംഘത്തെ നയിക്കുന്നത് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആണ്. അമേരിക്കൻ സംഘത്തിൽ ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരും ഉൾപ്പെടുന്നു. പാകിസ്താൻ സൈനിക മേധാവി ജനറൽ ആസിം മുനീർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചർച്ചയുടെ ഭാഗമാണ്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ ചർച്ച മേഖലയിലെ യുദ്ധാന്തരീക്ഷം മാറ്റാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Summary
The trilateral peace talks between Iran, the United States, and Pakistan have officially started in Islamabad to address the ongoing tensions in West Asia. Pakistan is acting as a mediator, facilitating “proximity talks” where messages are exchanged between the US and Iranian delegations through Pakistani officials. Iran has placed four major conditions, including sovereignty over the Strait of Hormuz and the release of frozen assets, while the US remains focused on preventing Iran from acquiring nuclear weapons.





