Connect with us

International

ഹോർമുസിൽ സ്ഥാപിച്ച മൈനുകൾ കണ്ടെത്താനാകാതെ ഇറാൻ; കടലിടുക്ക് പൂർണമായും തുറക്കാനാകുന്നില്ല

ഇസ്ലാമാബാദിൽ യു എസുമായി നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ ഈ പ്രതിസന്ധി ഇറാന് തിരിച്ചടിയായേക്കും.

Published

|

Last Updated

വാഷിംഗ്ടൺ | യു എസും ഇസ്റാഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച കടൽ മൈനുകൾ തിരിച്ചടിയാകുന്നു. യുദ്ധസാഹചര്യത്തിൽ നാവിക പാത തടസ്സപ്പെടുത്തുന്നതിനായി നിക്ഷേപിച്ച മൈനുകൾ എവിടെയാണെന്ന് കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കടലിടുക്ക് പൂർണ്ണമായി തുറന്നുകൊടുക്കാൻ ഇറാന് സാധിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യു എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആണവ ചർച്ചകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് യു എസും ഇസ്റാഈലും ഇറാനിൽ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ചെറുകപ്പലുകൾ ഉപയോഗിച്ച് ഹോർമുസ് കടലിടുക്കിൽ മൈനുകൾ വിതറിയത്. എന്നാൽ ഇവ എവിടെയാണ് സ്ഥാപിച്ചതെന്ന കൃത്യമായ രേഖകൾ ഇറാന്റെ കൈവശമില്ലെന്നാണ് സൂചന. പല മൈനുകളും കൃത്യമായ സ്ഥാനങ്ങളിൽ നിന്ന് നീങ്ങുന്ന തരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് മൈനുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തുന്നത് കൂടുതൽ ദുഷ്കരമാക്കുന്നു.

ഇസ്ലാമാബാദിൽ യു എസുമായി നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ ഈ പ്രതിസന്ധി ഇറാന് തിരിച്ചടിയായേക്കും. ചാനലുകൾ എത്രയും വേഗം തുറക്കണമെന്ന് ഡോണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണിത്. നിലവിൽ സുരക്ഷാ കാരണങ്ങളാൽ കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മൈനുകൾ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുള്ളതിനാൽ പ്രധാന പാത ഒഴിവാക്കി ഇതര പാതകളിലൂടെ സഞ്ചരിക്കാൻ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് കപ്പലുകൾക്ക് നിർദ്ദേശം നൽകി. കപ്പലുകൾക്ക് ടോൾ നൽകി കടന്നുപോകാൻ മറ്റൊരു പാത ഇറാൻ തുറന്നിട്ടുണ്ടെങ്കിലും അത് അപകടസാധ്യതകൾ നിറഞ്ഞതാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഊർജ്ജ ആവശ്യങ്ങൾക്കായി 80 ശതമാനവും ആശ്രയിക്കുന്നത് ഈ പാതയെയാണ് എന്നതിനാൽ നിലവിലെ പ്രതിസന്ധി ഏറെ ആശങ്കയുണ്ടാക്കുന്നതാണ്.

Summary

Iran is facing significant difficulties in reopening the Strait of Hormuz as it has lost track of the sea mines planted to block the route during recent tensions. The haphazard placement and drifting of these mines have created a hazardous environment for international shipping, impacting nearly 20% of the world’s oil supply. This technical failure comes at a critical time as high-stakes peace talks between US and Iranian delegations are set to take place in Islamabad.

Latest