Connect with us

International

അമേരിക്കക്ക് മുന്നിൽ സ്യൂട്ടും ഇറാന് മുന്നിൽ യുദ്ധവേഷവും; പാക് സൈനിക മേധാവിയുടെ വേഷപ്പകർച്ചക്ക് പിന്നിലെ രഹസ്യമെന്ത്?

ശനിയാഴ്ച ഇസ്‌ലാമാബാദിലെത്തിയ ഇറാൻ പ്രതിനിധികളെയും യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെയും സ്വീകരിച്ചപ്പോഴാണ് മുനീർ വ്യത്യസ്തമായ വേഷങ്ങൾ ധരിച്ചത്

Published

|

Last Updated

ഇസ്‌ലാമാബാദ് | ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്ന പാകിസ്ഥാനിൽ സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ വേഷവിധാനം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു. ശനിയാഴ്ച ഇസ്‌ലാമാബാദിലെത്തിയ ഇറാൻ പ്രതിനിധികളെയും യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെയും സ്വീകരിച്ചപ്പോഴാണ് മുനീർ വ്യത്യസ്തമായ വേഷങ്ങൾ ധരിച്ചത്. ഇറാന്റെ 71 അംഗ പ്രതിനിധി സംഘത്തെ സ്വീകരിക്കുമ്പോൾ അദ്ദേഹം കാമഫ്ലാഷ് കോംബാറ്റ് ഡ്രസ്സ് അഥവാ യുദ്ധകാല വേഷമാണ് ധരിച്ചിരുന്നത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെ സ്വീകരിക്കാനെത്തിയപ്പോൾ അദ്ദേഹം കറുത്ത സ്യൂട്ടാണ് ധരിച്ചത്.

പാകിസ്ഥാന്റെ യഥാർത്ഥ ഭരണാധികാരി താനാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള ബോധപൂർവ്വമായ നീക്കമായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്. ഇറാൻ പ്രതിനിധികൾക്ക് മുൻപിൽ യുദ്ധവേഷം ധരിച്ചെത്തിയത് പാകിസ്ഥാന്റെ സൈനിക കരുത്ത് പ്രകടിപ്പിക്കാനാണെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ മിസൈൽ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള സംഘർഷങ്ങൾ നിലനിന്നിരുന്നു. അതേസമയം അമേരിക്കൻ പ്രതിനിധിക്ക് മുൻപിൽ സ്യൂട്ട് ധരിച്ചെത്തിയത് താനൊരു നയതന്ത്രജ്ഞൻ കൂടിയാണെന്ന് കാണിക്കാനാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണുമ്പോഴും അദ്ദേഹം സ്യൂട്ടാണ് ധരിച്ചിരുന്നത്.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ പാകിസ്ഥാനിൽ നിലനിൽക്കെ പ്രധാനമന്ത്രിയോ വിദേശകാര്യ മന്ത്രിയോ ചെയ്യേണ്ട ഔദ്യോഗിക സ്വീകരണങ്ങൾ സൈനിക മേധാവി ഏറ്റെടുത്തതും ചർച്ചയായിട്ടുണ്ട്. വിദേശ പ്രതിനിധികളെ സ്വീകരിക്കുന്ന ചടങ്ങുകളിൽ അസിം മുനീർ തന്നെ മുൻപന്തിയിൽ നിൽക്കുന്നത് രാജ്യത്തെ സിവിലിയൻ സർക്കാരിനേക്കാൾ സൈന്യത്തിനാണ് അധികാരമെന്ന സന്ദേശമാണ് നൽകുന്നത്.

യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ചേർത്തുപിടിച്ചത് സിവിലിയൻ സർക്കാരിനോടുള്ള അമേരിക്കയുടെ പരിഗണന വ്യക്തമാക്കാനാണെന്നും നിരീക്ഷകർ പറയുന്നു.

Summary

Pakistan Army Chief General Asim Munir sent a calculated message by switching from combat gear while receiving Iranian officials to a formal suit for US Vice President JD Vance. This visual shift is seen by experts as a display of military strength towards Iran and a statesmanlike persona for the US. His prominent role in receiving these high-level delegations further underscores the military’s dominant position over the civilian government in Pakistan.

Latest