Connect with us

Narendra Modi

പോളണ്ട്, യുക്രെയിന്‍ സന്ദര്‍ശനം; നരേന്ദ്രമോദിയെ പോളിഷ് സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി വരവേറ്റു

പോളണ്ടില്‍ നിന്ന് പത്ത് മണിക്കൂര്‍ ട്രെയിന്‍ യാത്ര നടത്തി മോദി യുക്രൈനില്‍ എത്തും.

Published

|

Last Updated

ന്യൂഡല്‍ഹി | പോളണ്ട്, യുക്രെയിന്‍ സന്ദര്‍ശനത്തിനായി തിരച്ച പ്രധാനമന്ത്രിക്ക് പോളണ്ട് തലസ്ഥാനമായ വാഴ്‌സോയില്‍ ഊഷ്മള വരവേല്‍പ്പ്. സൈനിക വിമാനത്താവളത്തില്‍ നരേന്ദ്ര മോദിക്ക് പോളിഷ് സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. പോളണ്ടിലെ മലയാളിയായ ഇന്ത്യന്‍ അംബാസഡര്‍ നഗ്മ മല്ലിക്ക് അടക്കമുള്ളവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. പോളിഷ് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്‌കുമായി മോദി നാളെ കൂടിക്കാഴ്ച നടത്തും.

45 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70 -ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് മോദിയുടെ പോളണ്ട് സന്ദര്‍ശനം. രണ്ടാം ലോക മഹായുദ്ധ കാലത്ത് പോളിഷ് അഭയാര്‍ഥികളെ സ്വീകരിച്ച ഇന്ത്യന്‍ രാജാക്കന്‍മാര്‍ക്ക് പോളണ്ടിലുള്ള സ്മാരകങ്ങളില്‍ നരേന്ദ്ര മോദി പുഷ്പാര്‍ച്ചന നടത്തി. ഇന്ത്യന്‍ സമൂഹം നല്‍കുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കും.

ശേഷം നാളെ വൈകിട്ട് മോദി പോളണ്ടില്‍ യുക്രെയിനിലേക്ക് പോകും. പോളണ്ടിലെ അതിര്‍ത്തി നഗരമായ ഷെംഷോയില്‍ നിന്ന് പത്തു മണിക്കൂര്‍ ട്രെയിന്‍ യാത്ര നടത്തിയാവും മോദി കീവില്‍ എത്തുക. റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മോദിയുടെ യുക്രൈന്‍ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. നയതന്ത്ര ബന്ധം ആരംഭിച്ച് 30 വര്‍ഷമാകുമ്പോളാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയിന്‍ സന്ദര്‍ശിക്കുന്നത്. വെള്ളിയാഴ്ച ഏഴു മണിക്കൂര്‍ യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ ചെലവിക്കുന്ന മോദി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായും സംസാരിക്കും.

റഷ്യ – യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശം യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ നിന്ന് തിരിക്കും മുന്നേയിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും മോദി വ്യക്തമാക്കിയിരുന്നു. ഈ സന്ദര്‍ശനം ഇരുരാജ്യങ്ങളുമായുള്ള വിപുലമായ ബന്ധങ്ങളുടെ സ്വാഭാവിക തുടര്‍ച്ചയായി വര്‍ത്തിക്കുമെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തവും ഊര്‍ജസ്വലവുമായ ബന്ധത്തിന് അടിത്തറയുണ്ടാക്കാന്‍ സഹായിക്കുമെന്ന് ഉറപ്പുണ്ടെന്നും മോദി പറഞ്ഞിരുന്നു.

 

---- facebook comment plugin here -----

Latest