Connect with us

From the print

കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ റദ്ദാക്കി; നടപടി കടുപ്പിച്ച് ഇന്ത്യ

അടിസ്ഥാനരഹിതമായ ആരോപണത്തിന് അര്‍ഹമായ നടപടി. ശക്തമായ താക്കീതുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി | ഖലിസ്ഥാന്‍ ഭീകരവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച കാനഡക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി ഇന്ത്യ അറിയിച്ചു. വിസ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ സ്വകാര്യ ഏജന്‍സിയായ ബി എല്‍ എസ് ആണ് സേവനങ്ങള്‍ നിര്‍ത്തുന്ന വിവരം അറിയിച്ചത്. നിലവിലെ പ്രത്യേക സാഹചര്യത്തില്‍, ഇന്നലെ മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യന്‍ വിസ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതായി ബി എല്‍ എസ് ഇന്റര്‍നാഷനല്‍ വ്യക്തമാക്കി.

ഇന്ത്യക്ക് സുരക്ഷാ ഭീഷണി
കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ റദ്ദാക്കിയതിന് പിന്നില്‍ സുരക്ഷാ ഭീഷണിയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വിഘടനവാദികളില്‍ നിന്ന് ഭീഷണിയുണ്ടെന്നും ഈ വിഷയത്തില്‍ കനേഡിയന്‍ സര്‍ക്കാറിന്റെ നിരുത്തരവാദപരമായ സമീപനമുണ്ടെന്നും മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചീ വ്യക്തമാക്കി. അതേസമയം, ഇന്ത്യക്കാര്‍ക്ക് വിസ നല്‍കുന്നതില്‍ കാനഡ വിവേചനം കാണിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

നയതന്ത്രജ്ഞരെ കുറക്കണം
ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര പ്രതിനിധികളുടെ എണ്ണം വെട്ടിക്കുറക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സമത്വം പാലിക്കണമെന്ന് കനേഡിയന്‍ സര്‍ക്കാറിനെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. കാനഡയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരേക്കാള്‍ കൂടുതലാണ് ഇവിടുത്തെ കനേഡിയന്‍ പ്രതിനിധികളുടെ എണ്ണം.
അതുകൊണ്ട് തന്നെ എന്തുവന്നാലും ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കണമെന്നും ബാഗ്ചീ ആവശ്യപ്പെട്ടു.

ആഭ്യന്തരത്തില്‍ ഇടപെട്ടു
ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ കനേഡിയന്‍ നയതന്ത്രജ്ഞര്‍ ഇടപെടുന്നുണ്ടെന്ന ഗൗരവതരമായ ആരോപണവും ഇന്ത്യ ഉന്നയിച്ചു. അതുകൊണ്ട് കൂടിയാണ് നയതന്ത്രജ്ഞരുടെ എണ്ണം കുറക്കണമെന്ന് ആവശ്യപ്പെട്ടത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കനേഡിയന്‍ നയതന്ത്രജ്ഞര്‍ ഇടപെടുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്നും ഇന്ത്യ വ്യക്തമാക്കി.
ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കി കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രസ്താവനയിറക്കിയിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് മേധാവി ഹര്‍ദീപ് സിംഗ് നിജ്ജാറിന് വെടിയേറ്റതിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്യവെ ട്രൂഡോ ആരോപിച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ സിഖ് ഗുരുദ്വാരയില്‍ വെച്ച് ജൂണിലായിരുന്നു നിജ്ജാറിന് വെടിയേറ്റത്. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധികള്‍ ആരംഭിച്ചത്.

അതേസമയം, കനേഡിയന്‍ സര്‍ക്കാറിന്റെ ആരോപണം കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി തള്ളി. ഈ ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച സര്‍ക്കാര്‍, നിയമവാഴ്ചയോട് ഇന്ത്യക്ക്് ശക്തമായ പ്രതിബദ്ധതയാണുള്ളതെന്നും വ്യക്തമാക്കി.

ഹര്‍ദീപിന്റെ മരണത്തില്‍ ഇന്ത്യക്ക് ബന്ധമുണ്ടെന്നാരോപിച്ച് ഇന്ത്യന്‍ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കിയിരുന്നു.

സിഖുകാര്‍ക്ക് മാത്രമായി ഖലിസ്ഥാന്‍ എന്ന പേരില്‍ പ്രത്യേക രാജ്യം വേണമെന്നതടക്കമുള്ള രാജ്യദ്രോഹ നിലപാട് സ്വീകരിക്കുന്ന സംഘടനയുടെ നേതാവായിരുന്നു ഹര്‍ദീപ് സിംഗ്. ഇന്ത്യയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഹര്‍ദീപിനെ വിട്ടുകിട്ടാന്‍ ഇന്ത്യ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു.

 

Latest