Connect with us

Kerala

പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികള്‍ക്ക്

സി വിജില്‍ വഴി ആകെ ലഭിച്ചത് 2,09,661 പരാതികള്‍

Published

|

Last Updated

പത്തനംതിട്ട |  തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയ സി വിജില്‍ മൊബൈല്‍ ആപ്പ് സി വിജില്‍ വഴി ഇതുവരെ ലഭിച്ചത് 2,09,661 പരാതികള്‍. ഇതില്‍ 2,06152 പരാതികളിലും നടപടി സ്വീകരിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. 426 പരാതികളില്‍ നടപടി പുരോഗമിക്കുന്നു. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 20 വരെയുള്ള കാലയളവിലാണ് ആപ്പ് മുഖേന 2,09661 പരാതികള്‍ ലഭിച്ചത്.

അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍, വസ്തുവകകള്‍ വികൃതമാക്കല്‍, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കല്‍, മദ്യവിതരണം, സമ്മാനങ്ങള്‍ നല്‍കല്‍, ആയുധം പ്രദര്‍ശിപ്പിക്കല്‍, വിദ്വേഷ പ്രസംഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജില്‍ മുഖേന കൂടുതലായി ലഭിച്ചത്.

അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച 1,83,842 പരാതികള്‍ ലഭിച്ചപ്പോള്‍ വസ്തുവകകള്‍ വികൃതമാക്കിയത് സംബന്ധിച്ച് 10,999 പരാതികള്‍ ഉണ്ടായി. നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍ സംബന്ധിച്ച 4446 പരാതികളും അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച് 296 പരാതികളും ലഭിച്ചു. പണവിതരണം (19), മദ്യവിതരണം (52), സമ്മാനങ്ങള്‍ നല്‍കല്‍ (36), ആയുധപ്രദര്‍ശനം (150), വിദ്വേഷപ്രസംഗം (39), സമയപരിധി കഴിഞ്ഞ് സ്പീക്കര്‍ ഉപയോഗിക്കല്‍ (23) തുടങ്ങിയവ സംബന്ധിച്ച പരാതികളും സി വിജില്‍ വഴി ലഭിച്ചു. നിരോധിത സമയത്ത് പ്രചാരണം നടത്തിയതിനെതിരെ 65 ഉം പെയ്ഡ് ന്യൂസിനെതിരെ മൂന്ന് പരാതികളും ലഭിച്ചിരുന്നു. പരാതികളില്‍ വസ്തുതയില്ലെന്ന് കണ്ട് 3,083 പരാതികള്‍ തള്ളി.

പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ സി വിജില്‍ (സിറ്റിസണ്‍സ് വിജില്‍) ആപ്ലിക്കേഷനിലൂടെ അയക്കാവുന്നതാണ്. ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും സി വിജില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാവും. ആയുധങ്ങള്‍ കൊണ്ടുനടക്കല്‍, ഭീഷണിപ്പെടുത്തല്‍, സമ്മാനങ്ങള്‍ വിതരണം ചെയ്യല്‍, മദ്യവിതരണം, പണം വിതരണം, പെയ്ഡ് ന്യൂസ്, ഡിക്ലറേഷനില്ലാത്ത പോസ്റ്ററുകള്‍, അനുമതിയില്ലാതെ പോസ്റ്ററും ബാനറും പതിക്കല്‍, വസ്തുവകകള്‍ നശിപ്പിക്കല്‍, വിദ്വേഷപ്രസംഗങ്ങള്‍, സന്ദേശങ്ങള്‍, റാലികള്‍ക്ക് പൊതുജനങ്ങളെ കൊണ്ടുപോകല്‍, വോട്ടെടുപ്പ് ദിവസം വോട്ടര്‍മാരെ കൊണ്ടുപോകല്‍, അനുവദിക്കപ്പെട്ട സമയപരിധി കഴിഞ്ഞ് സ്പീക്കര്‍ ഉപയോഗിക്കല്‍, അനുമതി കൂടാതെയുള്ള വാഹന ഉപയോഗം എന്നിവയൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ സി വിജില്‍ വഴി പരാതിപ്പെടാം. പരാതിക്കാരന്റെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

ചട്ടലംഘനം നടന്ന സ്ഥലത്തു നേരിട്ട് പോയി എടുത്ത ചിത്രങ്ങള്‍ മാത്രമേ ആപ്പ് വഴി അയക്കാന്‍ സാധിക്കു. മറ്റുള്ളവര്‍ എടുത്തു കൈമാറി കിട്ടിയ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കില്ല. അതിനാല്‍ വ്യാജപരാതികള്‍ ഒഴിവാക്കാന്‍ കഴിയും. ചട്ടലംഘനം എന്ന പേരില്‍ വാട്ട്‌സാപ്പിലുടെയും മറ്റും കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ നിജസ്ഥിതി അറിയാതെ ആപ്പ് വഴി അയക്കുന്നതു തടയാനാണു സ്വന്തം ഫോണ്‍ ക്യാമറ വഴി എടുത്ത ചിത്രങ്ങള്‍ക്കു മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

 

 

സെല്‍ഫി കോണ്ടസ്റ്റുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ്

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ് സംസ്ഥാനതലത്തില്‍ കഥ ആഡ്സുമായി ചേര്‍ന്ന് സെല്‍ഫി കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നു. വോട്ട് ചെയ്യാനായി മറ്റുള്ളവരെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ വില്‍ വോട്ട് സെല്‍ഫി കോണ്ടസ്റ്റ് നടത്തുന്നത്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. പങ്കെടുക്കേണ്ട വിധം:-
– s.unizone.one/eci24 എന്ന ലിങ്ക് വിസിറ്റ് ചെയ്യുക
– ഫോണ്‍ നമ്പര്‍ പൂരിപ്പിച്ച ശേഷം സെല്‍ഫി എടുക്കുക
– അത് നിങ്ങളുടെ വാട്സാപ്പ് സ്റ്റാറ്റസില്‍ ഷെയര്‍ ചെയ്യുക

 

---- facebook comment plugin here -----

Latest