National
തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
2015-ലെ പത്മശ്രീ പുരസ്‌കാര ജേതാവാണ്. വിവിധ ഭാഷകളിലായി 750-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബി ജെ പി മുന്‍ എം എല്‍ യാണ്.

ഹൈദരാബാദ് | പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസ്സായിരുന്നു. ഇന്ന് രാവിലെ ജൂബിലി ഹില്‍സിലെ ഫിലിം നഗറിലുള്ള വീട്ടിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു.
2015-ലെ പത്മശ്രീ പുരസ്‌കാര ജേതാവാണ്. വിവിധ ഭാഷകളിലായി 750-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ കഥാപാത്രങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. 1978-ല്‍ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തെലുങ്കിനു പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം ചിത്രങ്ങളിലും അഭിനയിച്ചു. സാമി, തിരുപ്പാച്ചി, കൊ തുടങ്ങിയ തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങള്‍ അദ്ദേഹത്തെ തെന്നിന്ത്യയില്‍ പ്രശസ്തനാക്കി. 30-ലേറെ തമിഴ് ചിത്രങ്ങളിലാണ് ശ്രീനിവാസ റാവു വേഷമിട്ടത്.
മമ്മൂട്ടി നായകനായി ജയരാജിന്റെ സംവിധാനത്തില്‍ 2011-ല്‍ പുറത്തിറങ്ങിയ ‘ദി ട്രെയിന്‍’ എന്ന ചിത്രത്തിലാണ് അദ്ദേഹം മലയാളത്തില്‍ അഭിനയിച്ചത്. ഗായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും കോട്ട ശ്രീനിവാസ റാവു കഴിവ് തെളിയിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരന്‍ കൂടിയായിരുന്ന കോട്ട ശ്രീനിവാസ റാവു 1999 മുതല്‍ 2004 വരെ ആന്ധ്രപ്രദേശിലെ വിജയവാഡ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള ബി ജെ പി എം എല്‍ എയായിരുന്നു.