Connect with us

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് കാഷ്വല്‍ സ്വീപ്പർ വിജിലന്‍സ് പിടിയിൽ

ലൊക്കഷന്‍ സ്‌കെച്ചിനായി 1,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പതുങ്ങി നിന്ന ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു

Published

|

Last Updated

പന്തളം | വസ്തു ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിനെ അടൂര്‍ താലൂക്കിലെ കുരമ്പാല വില്ലേജ് ഓഫീസിലെ കാഷ്വല്‍ സ്വീപ്പറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പന്തളം സ്വദേശി കഴുത്തുംമൂട്ടില്‍ ജയപ്രകാശ് ആണ് പിടിയില്‍ ആയത്.

ലൊക്കഷന്‍ സ്‌കെച്ചിനായി 1,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈകിട്ട് നാലരയോടെ ഡിവൈ എസ് പി സിനി ഡെന്നീസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പറന്തല്‍ പള്ളിക്ക് സമീപമുള്ള സ്ഥലത്തിൻ്റെ ഫീല്‍ഡ് മെഷര്‍ ബുക്കിനും ലൊക്കേഷന്‍ സ്‌കെച്ചിനുമായി അപേക്ഷ നല്‍കിയ ആനയടി സ്വദേശിയില്‍ നിന്നാണ് ജയപ്രകാശ് കൈക്കൂലി വാങ്ങിയത്. എഫ് എം ബുക്കിനായി 1500 രൂപ വാങ്ങിയിരുന്നു. ലൊക്കേഷന്‍ സ്‌കെച്ചിന് വേണ്ടി വീണ്ടും 1,000 രൂപ കൂടി ആവശ്യപ്പെട്ടു. ഇതില്‍ 500 രൂപ വില്ലേജ് ഓഫീസര്‍ക്ക് നല്‍കാന്‍ വേണ്ടിയാണെന്ന് ഇയാള്‍ പരാതിക്കാരനോട് പറഞ്ഞിരുന്നു.

പണം നല്‍കാതെ ലൊക്കേഷന്‍ സ്‌കെച്ച് കിട്ടില്ലെന്ന് വന്നപ്പോഴാണ് സ്ഥലം ഉടമ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് സംഘം മാര്‍ക്ക് ചെയ്ത നോട്ട് നല്‍കിയതിന് ശേഷം പരാതിക്കാരനെ അയക്കുകയായിരുന്നു. പണം കൈപ്പറ്റുന്നതിനിടെ പതുങ്ങി നിന്ന ഉദ്യോഗസ്ഥര്‍ ജയപ്രകാശിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest