Connect with us

bribery

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

അപേക്ഷ മാത്രം പോരെന്നും കൈക്കൂലിയായി 5,000 രൂപ കൂടി വേണമെന്നും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് രാഘവന്‍ ആവശ്യപ്പെടുകയായിരുന്നു.

Published

|

Last Updated

കാസര്‍കോട് | മുളിയാര്‍ വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റൻ്റിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പരാതിക്കാരനായ മുളിയാര്‍ സ്വദേശി അശ്റഫിനോട് അപേക്ഷ മാത്രം പോരെന്നും കൈക്കൂലിയായി 5,000 രൂപ കൂടി വേണമെന്നും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് രാഘവന്‍ ആവശ്യപ്പെടുകയായിരുന്നു. അത്രയും രൂപ നല്‍കാനില്ലെന്നും തുക കുറയ്ക്കണമെന്നും അപേക്ഷിച്ചതിനെ തുടര്‍ന്ന് രാഘവന്‍ തുക 2,500 ആയി കുറച്ചു. അശ്റഫ് ഈ വിവരം കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പി. കെ വി വേണുഗോപാലിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഉച്ചക്ക് 2.45ഓടെ വില്ലേജ് ഓഫീസിനടുത്ത് വെച്ച് 2,500 രൂപ കൈക്കൂലി വാങ്ങിയ രാഘവനെ കൈയോടെ പിടികൂടുകയായിരുന്നു. തന്റെ പിതാവിന്റെ പേരിലുള്ള മുളിയാര്‍ വില്ലേജില്‍പെട്ട അഞ്ചര സെന്റ് സ്ഥലത്തിന്റെ നികുതി അടക്കുന്നതിന് ഈ വര്‍ഷം ഫെബ്രുവരിയില്‍ വില്ലേജ് ഓഫീസില്‍ അപേക്ഷ സമർപ്പിച്ചിരുന്നു. വസ്തുവിന്റെ നികുതി നാല് വർഷം മുമ്പാണ് അടച്ചതെന്നും അതിനാല്‍ വസ്തുവിന്റെ അസ്സല്‍ രേഖകളും 30 വര്‍ഷത്തെ ബാധ്യത സര്‍ട്ടിഫിക്കറ്റ്, സ്‌കെച്ച് എന്നിവയുമായി എത്താനും വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് എല്ലാ രേഖകളുമായി പല തവണ പരാതിക്കാരന്‍ വില്ലേജ് ഓഫീസില്‍ പോയിട്ടും നികുതി അടച്ച് നല്‍കിയില്ല. ഒടുവിൽ ഈ മാസം 15ന് വീണ്ടും വില്ലേജോഫീസിലെത്തിയപ്പോള്‍ അപേക്ഷ കാണാനില്ലെന്നും ഒരപേക്ഷ കൂടി എഴുതിത്തരണമെന്നും പറയുകയും ഇതുപ്രകാരം അശ്റഫ് പുതിയ അപേക്ഷ നൽകിയെങ്കിലും ഈ സമയം രാഘവൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വിജിലൻസ്  സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ സിബി തോമസ്, എസ്‌ ഐ ഈശ്വരന്‍ നമ്പൂതിരി തുടങ്ങിയവരുമുണ്ടായിരുന്നു. പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.