Connect with us

National

വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി; പോലീസ് കസ്റ്റഡിയിലെടുത്തു

സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ പ്രകോപിതനായതെന്നാണ് സൂചന.

Published

|

Last Updated

ബെംഗളുരു| തമിഴ്നടന്‍ വിജയ് സേതുപതിയെ ബെംഗളുരു വിമാനത്താവളത്തില്‍ നിന്ന് ആക്രമിച്ച സംഭവത്തില്‍ മലയാളി കസ്റ്റഡിയില്‍. ബെംഗളുരുവില്‍ സ്ഥിരതാമസക്കാരനായ ജോണ്‍സണ്‍ എന്നയാളാണ് അക്രമം നടത്തിയത്. ഇയാളെ ബെംഗളുരു പോലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യലഹരിയിലായിരുന്ന ഇയാള്‍ താരത്തെ പിന്നിലൂടെയെത്തി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ പ്രകോപിതനായതെന്നാണ് സൂചന. സംഭവത്തില്‍ വിജയ് സേതുപതിക്കൊപ്പമുണ്ടായിരുന്ന നടന്‍ മഹാഗന്ധിക്ക് പരിക്കേറ്റു. അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ വന്നതായിരുന്നു സംഘം.

വിമാനത്താവളത്തിന് പുറത്തേക്ക് വിജയ് സേതുപതി നടന്ന് വരുമ്പോള്‍ പുറകിലൂടെ ഓടിയെത്തിയ ജോണ്‍സണ്‍ സേതുപതിയെ പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ വിജയ് മുന്നോട്ട് ആഞ്ഞ് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. അക്രമിയെ വിമാനത്താവളത്തിലെ സുരക്ഷാസേനയും വിജയ് സേതുപതിയുടെ ടീമിലെ അംഗങ്ങളും ചേര്‍ന്ന് പിടികൂടി. സംഭവം നടന്നതിന് പിന്നാലെ ജോണ്‍സണ്‍ വിജയ് സേതുപതിയോടും സംഘത്തോടും മാപ്പ് പറഞ്ഞുവെന്ന് പറയുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ബെംഗളുരു പോലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

 

Latest