Kerala
കൈക്കൂലിക്കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു
വീട്ടിലെ വിജിലന്‍സ് പരിശോധനയ്ക്കിടെ രക്ഷപ്പെട്ട വേലായുധന്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്

തിരുവനന്തപുരം | കൈക്കൂലിക്കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം സ്‌പെഷല്‍ സെല്‍ ഓഫിസിലെ ഡിവൈഎസ്പി പി വേലായുധന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ സെക്രട്ടറിയാണ് നടപടി എടുത്തത്. അതേസമയം
അതേ സമയം വീട്ടിലെ വിജിലന്‍സ് പരിശോധനയ്ക്കിടെ രക്ഷപ്പെട്ട വേലായുധന്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. .അനധികൃത സ്വത്തു സമ്പാദനക്കേസിലെ പ്രതിയായ ഉദ്യോഗസ്ഥനുമായി പണമിടപാടു നടത്തിയതായി തെളിവു ലഭിച്ചതിനെത്തുടര്‍ന്ന് വേലായുധന്‍ നായര്‍ക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് കേസെടുത്തിരുന്നു.
കേസിലെ പ്രതിയായ റവന്യു വകുപ്പ് ഉദ്യോഗസ്ഥനെ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയിരുന്നു. ഈ പ്രതിയുമായി വേലായുധന്‍ നായര്‍ സാമ്പത്തിക ഇടപാടു നടത്തിയതായി തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ് എടുത്തത്.തുടര്‍ന്ന് വിജിലന്‍സ് പരിശോധന നടത്താന്‍ വീട്ടിലെത്തിയതിനിടെയാണ് വേലായുധന്‍ നായര്‍ കടന്നു കളഞ്ഞത്. മാര്‍ച്ച് 23ന് കാണാതായ ഇയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.