Kerala
വിചാരധാര കോടതി വ്യവഹാരത്തിലേക്ക്; ഉള്ളടക്കം പൊതു സമൂഹത്തില്‍ ചര്‍ച്ചയാകും
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ എസ് എസ് കേരള പ്രാന്ത സംഘചാലക് കെ കെ ബാലറാം കേസ് ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് ഈ കൃതിയുടെ ഉള്ളടക്കം പൊതു സമൂഹത്തില്‍ ചര്‍ച്ചയാവുന്നത്.

കോഴിക്കോട് | ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്ര ഗ്രന്ഥമായ വിചാരധാര കോടതി വ്യവഹാരത്തിലേക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ എസ് എസ് കേരള പ്രാന്ത സംഘചാലക് കെ കെ ബാലറാം കേസ് ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് ഈ കൃതിയുടെ ഉള്ളടക്കം പൊതു സമൂഹത്തില്‍ ചര്‍ച്ചയാവുന്നത്. വിചാരധാരയില്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടണമെന്ന് ആവശ്യപ്പെട്ടാണ് ആര്‍ എസ് എസ് കോടതിയില്‍ എത്തിയതെങ്കിലും കോടതി വ്യവഹാരം ഈ കൃതിയെ ഇഴകീറി പരിശോധിക്കുന്നതിലേക്ക് എത്തുമെന്നുറപ്പാണ്. കണ്ണൂര്‍ മുന്‍സിഫ് കോടതി പരാതി ഫയലില്‍ സ്വീകരിച്ചതോടെ കോടതി വ്യവഹാരത്തിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും കച്ചമുറുക്കുമെന്നുറപ്പാണ്.
വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് വി ഡി സതീശന്‍ പ്രസ്താവിച്ചത്. ഇത് വാസ്തവ വിരുദ്ധമാണെന്നും സതീശനോ അനുയായികളോ മേലില്‍ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ ആര്‍ എസ് എസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന ഗുരുജി എന്നറിയപ്പെടുന്ന ഗോള്‍വാള്‍ക്കറെഴുതിയ രണ്ടു പുസ്തകങ്ങളിലൊന്നാണ് വിചാരധാര (ബഞ്ച് ഓഫ് തോട്സ്). 1966 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം ആര്‍ എസ് എസിന്റെ യഥാര്‍ഥ ലക്ഷ്യം വിശദീകരിക്കുന്നതാണ്. 1978-ല്‍ ആര്‍ എസ് എസ് നേതാക്കളായ രാജേന്ദ്ര സിങും ബാവുറാവു ദേവറസും സംയുക്ത പ്രസ്താവനയിലൂടെ വിചാരധാര ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്ര ഗ്രന്ഥമാണെന്് വ്യക്തമാക്കിയിരുന്നു. നാലു ഭാഗങ്ങളിലായി 23 അധ്യായങ്ങളുള്ള ഈ കൃതി ഗോള്‍വാള്‍ക്കര്‍ പല കാലഘട്ടങ്ങളിലായി നടത്തിയ പ്രസംഗങ്ങളുടെയും എഴുതിയ കുറിപ്പുകളുടെയും സമാഹാരമാണ്.
ഇന്ത്യയുടെയും ഹിന്ദുമതത്തിന്റെയും അപദാനങ്ങള്‍ വാഴ്ത്തുന്ന വിചാരധാരയില്‍ ഹിന്ദുക്കളല്ലാത്തവരെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. രാഷ്ട്രത്തിനകത്തുള്ള ശത്രുക്കളെ പുറത്തുനിന്നുള്ള ആക്രമണകാരികളേക്കാള്‍ കൂടുതല്‍ രാജ്യസുരക്ഷാ ഭീഷണിയുയര്‍ത്തുന്നവരായി കൃതി പരാമര്‍ശിക്കുന്നു. ആഭ്യന്തര ശത്രുക്കള്‍ എന്ന നിലയില്‍ മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകാര്‍ എന്നിവരെ ഈ കൃതി ചൂണ്ടിക്കാട്ടുന്നു. തങ്ങളല്ലാത്തവരുടെ ദേശഭക്തിയെ ഈ കൃതി ചോദ്യം ചെയ്യുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ജനാധിപത്യത്തെ ഈ കൃതിയിലൂടെ ചോദ്യം ചെയ്യുന്നു എന്ന വിമര്‍ശനവും ശക്തമായിരുന്നു. കോടതി വ്യവഹാരത്തില്‍ എത്തുമ്പോള്‍ ഈ കൃതിയിലെ ഓരോ പരമാര്‍ശവും ഇഴകീറി വിലയിരുത്തപ്പെടുമെന്നുറപ്പാണ്.
ഹിന്ദി രാഷ്ട്ര ഭാഷ, അഹിന്ദുക്കള്‍ക്ക് പൗരത്വം, മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ആന്തരികമായ ഭീഷണി തുടങ്ങി കൃതിയിലെ ഉള്ളടക്കം കോടതി വ്യവഹാരത്തില്‍ എത്തുന്നത് വലിയ രാഷ്ട്രീയ സംവാദങ്ങള്‍ക്കു വഴിയൊരുക്കും. ഇതില്‍ ബ്രാഹ്‌മണരും ക്ഷത്രിയരും രാജ്യഭരണം നടത്തുകയും ബാക്കി ജാതികള്‍ ഇവരുടെ കീഴില്‍ വരുകയും ചെയ്യുന്ന രീതിയിലെ ഹിന്ദു ജാതി വ്യവസ്ഥയെ കൃതി പുകഴ്ത്തുന്നു എന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്. അത്തരം ജാതി വ്യവസ്ഥയെ തിരിച്ചു കൊണ്ടുവരാന്‍ കൃതി ആഹ്വാനം ചെയ്യുന്നതും സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. സ്ത്രീകള്‍ പൊതുജീവിതത്തിന്റെ ഭാഗമാകുന്നതിനെയും പ്രസംഗങ്ങളും മറ്റും നടത്തുന്നതിനെയും ഈ കൃതി പ്രോത്സാഹിപ്പിക്കുന്നില്ലെന്ന വിമര്‍ശനവുമുണ്ട്. നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു എന്ന മറ്റൊരു കൃതിയും ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്ര ഗ്രന്ഥമായി കണക്കാക്കുന്നു. വിചാരധാര കോടതി വ്യവഹാരത്തില്‍ എത്തുന്നതോടൊപ്പം ഇത്തരം കൃതികളെല്ലാം ചര്‍ച്ചയാകും. ഇത്തരം കൃതികളെ പൊതു ചര്‍ച്ചയിലേക്കു കൊണ്ടുവരാന്‍ വി ഡി സതീശന്‍ വെഴ്സസ് ആര്‍ എസ് എസ് എന്ന നിയമ പോരാട്ടം വഴിതുറക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.