Kerala
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈഴവ സമുദായത്തില്‍ നിന്നുള്ള അനുരാഗ് കഴകം ജോലിയില്‍ പ്രവേശിച്ചു
നേരത്തെ ഈഴവ വിഭാഗത്തില്‍ നിന്നുള്ള ബാലുവിനെ ജോലിയില്‍ പ്രവേശിപ്പിച്ചത് തന്ത്രിമാര്‍ എതിര്‍ക്കുകയും വിവാദമാവുകയും ചെയ്തിരുന്നു

തൃശ്ശൂര്‍ | കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ചേര്‍ത്തല സ്വദേശിയായ ഈഴവ സമുദായത്തില്‍ നിന്നുള്ള അനുരാഗ് കഴകം ജോലിയില്‍ പ്രവേശിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെ രക്ഷിതാക്കള്‍ക്കൊപ്പം എത്തിയാണ് അനുരാഗ് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ രാധേഷിന് മുമ്പാകെ ജോലിയില്‍ പ്രവേശിച്ചത്.
നേരത്തെ ഈഴവ വിഭാഗത്തില്‍ നിന്നുള്ള ബാലുവിനെ ജോലിയില്‍ പ്രവേശിപ്പിച്ചത് തന്ത്രിമാര്‍ എതിര്‍ക്കുകയും വിവാദമാവുകയും ചെയ്തിരുന്നു. തിരുവനന്തപുരം ആര്യനാട് സ്വദേശി ബി എ ബാലു രാജിവെച്ചതിനെ തുടര്‍ന്നാണ് അനുരാഗിന്റെ നിയമനം. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ദേവസ്വം ഓഫീസില്‍ നിന്നുള്ള സത്യവാങ്ങ്മൂലവും എഴുതി ഒപ്പിട്ട് അനുരാഗ് അഡ്മിനിസ്ട്രേറ്റര്‍ക്ക് കൈമാറുകയും ചെയ്തു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമിക്കുന്നയാള്‍ക്ക് ജോലിയില്‍ പൂര്‍ണ്ണ പരിരക്ഷയും പിന്തുണയും നല്‍കുമെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു.
അനുരാഗിനെ അഭിനന്ദിക്കാനും പിന്തുണയറിയിക്കാനും സി പി ഐ, എസ് എന്‍ ഡി പി, കെ പി എം എസ് അടക്കമുള്ള സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ദേവസ്വം ഓഫീസിലെത്തിയിരുന്നു. ഹൈക്കോടതി ഉത്തരവ് അനുരാഗിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അനുരാഗ് ജോലിയില്‍ പ്രവേശിച്ചത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിനാണ് നിയമനം സംബന്ധിച്ച് ഹൈക്കോടതിയുടെ അനുമതി ലഭിച്ചത്.
കഴകം നിയമനം പാരമ്പര്യാവകാശമെന്ന തെക്കേവാര്യം കുടംബത്തിന്റെ വാദം നിലനിന്നില്ല. അവകാശവാദം സിവില്‍ കോടതിയില്‍ ഉന്നയിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഊഴമനുസരിച്ച് നിയമനം ലഭിക്കേണ്ടത് ഈഴവ സമുദായത്തിനാണ്. മാലക്കഴകത്തിന് പാരമ്പര്യാവകാശം ഉന്നയിച്ച് തെക്കേവാര്യം കുടുംബാംഗം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്.