Connect with us

Kerala

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായി രാഹുല്‍ അനുകൂലികള്‍ നടത്തുന്ന സൈബര്‍ ആക്രമണത്തില്‍ അന്വേഷണത്തിന് തീരുമാനം

വി ടി ബല്‍റാമിനാണ് അന്വേഷണ ചുമതല

Published

|

Last Updated

തിരുവനന്തപുരം | ലൈംഗിക അതിക്രമ ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്തതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായി രാഹുല്‍ അനുകൂലികള്‍ നടത്തുന്ന സൈബര്‍ ആക്രമണത്തില്‍ അന്വേഷണത്തിന് തീരുമാനം.
പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഡിജിറ്റല്‍ മീഡിയാ സെല്ലിന് ആ സൈബര്‍ ആക്രമണത്തിലെ പങ്കാളിത്തമാണ് അന്വേഷിക്കുക. വി ടി ബല്‍റാമിനാണ് അന്വേഷണ ചുമതല.

നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണമെന്ന് കെപിസിസി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. സൈബര്‍ ആക്രമണം ഗുണം ചെയ്യില്ലെന്ന് കെ മുരളീധരന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. നേതാക്കള്‍ക്കെതിരെയുളള സൈബര്‍ ആക്രമണം നിര്‍ത്തണമെന്നും ആവശ്യമുയര്‍ന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് വ്യക്തയില്ലെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. പ്രതിപക്ഷ നേതാവ് മാത്രമാണ് നിലപാട് ആവര്‍ത്തിക്കുന്നതെന്നും പൊതുസമൂഹത്തില്‍ സംശയത്തിന് അത് വഴിയൊരുക്കുന്നുണ്ടെന്നുമാണ് വിമര്‍ശനം. പല നേതാക്കളും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ലെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി. കെ പി സി സി യോഗത്തില്‍ രാഹുല്‍ വിവാദം പരാമര്‍ശിക്കാന്‍ വി ഡി സതീശന്‍ തയ്യാറായില്ല.

നിയമസഭയില്‍ എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ സാന്നിധ്യം കെ സി പി സി യോഗത്തില്‍ ചര്‍ച്ചയായി. ഷജീറിന്റെ സാന്നിധ്യം നേതാക്കളുടെ പിന്തുണയാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാന്‍ കഴിയില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുല്‍ ഇന്നു സഭയില്‍ എത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇതോടെ പാര്‍ട്ടിയില്‍ അപമാനിതനായി. നിയമസഭയിലേക്ക് പോകുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ നേരത്തെ അറിയിച്ചിരുന്നു.