Kerala
പുക പടര്‍ന്നപ്പോള്‍ വെന്റിലേറ്റര്‍ സഹായം ലഭിച്ചില്ല; സഹോദരിയുടെ മരണത്തില്‍ പ്രതികരണവുമായി സഹോദരന്‍
വയനാട് സ്വദേശിനി നസീറ മരണത്തിന് തീപ്പിടിത്തം കാരണമായെന്നാണ് സഹോദരന്‍ യൂസഫലി ആരോപിക്കുന്നത്.

കോഴിക്കോട് | മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ഇന്നലെ പുക പടര്‍ന്നപ്പോള്‍ വെന്റിലേറ്റര്‍ സഹായം ഇല്ലാതായതാണ് സഹോദരി മരിക്കാന്‍ കാരണമെന്ന ആരോപണവുമായി സഹോദരന്‍. വയനാട് സ്വദേശിനി നസീറ മരണത്തിന് തീപ്പിടിത്തം കാരണമായെന്നാണ് സഹോദരന്‍ യൂസഫലി ആരോപിക്കുന്നത്.
തീപ്പിടിത്തം മൂലം രോഗികള്‍ മരിച്ചെന്ന ടി സിദ്ദിഖ് എം എല്‍ എയുടെ ആരോപണങ്ങള്‍ ശരിവച്ചുകൊണ്ടാണ് സഹോദരന്റെ പ്രതികരണം. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നസീറ ഇന്നലെ അപകടനില തരണം ചെയ്തിരുന്നുവെന്നാണ് കുടുംബം പറയുന്നത്. വ്യാഴാഴ്ച രാത്രിയാണ് നസീറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ നസീറ ജ്യൂസ് രൂപത്തില്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയിരുന്നുവെന്നും കുടുംബം പറയുന്നു.
പുക ഉയര്‍ന്നതോടെ എമര്‍ജന്‍സി ഡോര്‍ ഇല്ലാതിരുന്ന ആശുപത്രിയില്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഐ സിയുവില്‍ നിന്നും വെന്റിലേറ്ററില്‍ നിന്നും രോഗികളെ പുറത്തേക്ക് ഇറക്കിയത്. വെന്റിലേറ്ററില്‍ നിന്ന് സഹോദരിയെ മാറ്റിയപ്പോള്‍ പകരം സംവിധാനങ്ങളൊന്നും സജ്ജമാക്കിയില്ല. ഇതാണ് നസീറ മരിക്കാന്‍ കാരണമായതെന്നാണ് കുടുംബം ആരോപിക്കുന്നത്.
എന്നാല്‍ ഇന്നലെ സംഭവിച്ച മരണങ്ങള്‍ക്ക് അപകടവുമായി ബന്ധമില്ലെന്നും നസീറയുടെ ഉള്‍പ്പെടെ നില അതീവ ഗുരുതരമായിരുന്നുവെന്നുമാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞത്.