Connect with us

d lit controversy

ചെന്നിത്തലയെ തള്ളി വീണ്ടും വി ഡി സതീശന്‍; പാര്‍ട്ടി നിലപാട് താനും കെ പി സി സി പ്രസിഡന്റും പറയുന്നത്

വി ഡി സതീശന്റെ പരസ്യ പ്രസ്താവന ചെന്നിത്തലയുടെ അണികളില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്

Published

|

Last Updated

കൊച്ചി | ഡി ലിറ്റ് വിവാദത്തില്‍ താനും കെ പി സി സി പ്രസിഡന്റും പറയുന്നതാണ് കോണ്‍ഗ്രസ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡി ലിറ്റ് വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല മുന്‍ പ്രതിപക്ഷ നേതാവും കേരളത്തിലെ മുതിര്‍ന്ന നേതാവുമാണ് ചെന്നിത്തല. ഈ വിഷയത്തില്‍ അദ്ദേഹം നിലപാട് പറയാന്‍ പാടില്ലെന്ന് താന്‍ പറയില്ല. ഏകീകൃതമായ നിലപാട് താന്‍ പറഞ്ഞതാണ്. കെ പി സി സി പ്രസിഡന്റും സമാന നിലപാടാണ് പറഞ്ഞത്. അതാണ് കോണ്‍ഗ്രസിന്റേയും അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമം, വി ഡി സതീശന്റെ പരസ്യ പ്രസ്താവന ചെന്നിത്തലയുടെ അണികളില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. പ്രതിസന്ധി കാലഘട്ടങ്ങളില്‍ കോണ്‍ഗ്രസിനെ ദീര്‍ഘകാലം കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ നയിക്കുകയും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്ത ചെന്നിത്തലയെപ്പോലെ ഒരാളെ വിശ്വാസത്തിലെടുക്കാതെ നേതൃത്വം മുന്നോട്ട് പോകുന്നുവെന്നാണ് ആക്ഷേപം. അച്ചടക്കത്തിന്റെ വാളോങ്ങി ചെന്നിത്തലയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ പോയകാലം മറക്കരുതെന്നും ചെന്നിത്തല അനുകൂലികള്‍ പറയുന്നു.

എന്നാല്‍, വി ഡി സതീശന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു രമേശ് ചെന്നിത്തല. സര്‍ക്കാറിനും ഗവര്‍ണര്‍ക്കുമെതിര ഒരുപോലെ രാഷ്ട്രീയ ആയുധമാക്കാന്‍ ലഭിച്ച അവസരം പ്രതിപക്ഷത്തെ അനൈക്യം മൂലം ശക്തമായി ഉന്നയിക്കാന്‍ കഴിയാത്ത നിലയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. വിഷയത്തില്‍ ഘടകകക്ഷികളുടെ പിന്തുണ ലഭിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.