Connect with us

vandebharath train

മഴയില്‍ ചോര്‍ന്ന് വന്ദേഭാരത്; അറ്റകുറ്റപ്പണി നടത്തുന്നു

ഉയര്‍ന്ന നിരക്കുള്ള എക്‌സിക്യൂട്ടീവ് കോച്ചിലായിരുന്നു ചോര്‍ച്ച.

Published

|

Last Updated

കണ്ണൂര്‍ | ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് അര്‍ധ അതിവേഗ ട്രെയിനില്‍ ചോര്‍ച്ച. ഇന്നലെ പെയ്ത മഴയിലാണ് ചോര്‍ച്ചയുണ്ടായത്. ഉയര്‍ന്ന നിരക്കുള്ള എക്‌സിക്യൂട്ടീവ് കോച്ചിലായിരുന്നു ചോര്‍ച്ച.

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിൽ വെച്ച് ട്രെയിനില്‍ അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. ഇന്നലെ രാത്രി 11ഓടെയാണ് കാസര്‍കോട്ട് നിന്ന് ട്രെയിന്‍ കണ്ണൂരിലെത്തിച്ചത്. കണ്ണൂരിൽ രാത്രി കനത്ത മഴ പെയ്തിരുന്നു. പുലർച്ചെയോടെയാണ് കോച്ചിൽ വെള്ളം കിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ചോർച്ചയടക്കാനുള്ള പ്രവൃത്തികൾ തുടങ്ങി.

തിരുവനന്തപുരത്ത് നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത് രാത്രിയാണ് ട്രെയിന്‍ കാസര്‍കോട് എത്തിയത്. ഉച്ചക്ക് ശേഷം കേരളത്തില്‍ പലയിടത്തും മഴ പെയ്തിരുന്നു. അതേസമയം, മഴയത്ത് ഷോര്‍ണൂറില്‍ വെച്ച് ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടതായി ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂനിയന്‍ പ്രതിനിധി റശീദ് പറഞ്ഞു. സി7 എന്ന എക്‌സിക്യൂട്ടീവ് കോച്ചിലാണ് ഇദ്ദേഹം യാത്ര ചെയ്തിരുന്നത്. വന്ദേഭാരതിന്റെ സാധാരണ യാത്ര ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കാസര്‍കോട്ട് നിന്ന് ആരംഭിക്കാനിരിക്കെയാണ് ചോര്‍ച്ചയെന്ന വാർത്ത.

Latest