Connect with us

vakkom purushothaman

വക്കം പുരുഷോത്തമൻ്റെ ഭൗതിക ദേഹം ഇന്ന് ഡി സി സി, കെ പി സി സി ഓഫീസുകളിൽ പൊതുദർശനത്തിന് വെക്കും

ഉച്ചയോടെ വിലാപയാത്രയായി ആറ്റിങ്ങലിലേക്ക് കൊണ്ടുപോകും.

Published

|

Last Updated

തിരുവനന്തപുരം | ഇന്നലെ അന്തരിച്ച മുൻ മന്ത്രിയും സ്പീക്കറും ഗവർണറുമായിരുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് വക്കം പുരുഷോത്തമൻ്റെ (96) ഭൗതിക ദേഹം ഇന്ന് ഡി സി സി, കെ പി സി സി ഓഫീസുകളിൽ പൊതുദർശനത്തിന് വെക്കും. ഇന്ന് രാവിലെ ഒമ്പത് മുതൽ ഡി സി സി ഓഫീസിലും പിന്നീട് കെ പി സി സി ഓഫീസിലും പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ വിലാപയാത്രയായി ആറ്റിങ്ങലിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ വക്കത്തെ വീട്ടുവളപ്പിൽ.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു അന്ത്യം. രണ്ട് തവണ സ്പീക്കറും മൂന്ന് തവണ മന്ത്രിയുമായി പ്രവർത്തിച്ച വക്കം പുരുഷോത്തമൻ, മിസോറം, ത്രിപുര ഗവർണറായും ആൻഡമാൻ നിക്കോബാർ ലെഫ്. ഗവർണറായും പ്രവർത്തിച്ചിരുന്നു. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിൽ അഞ്ച് തവണ നിയമസഭാംഗവും ആലപ്പുഴയിൽ നിന്ന് രണ്ട് തവണ ലോക്‌സഭാംഗവുമായി. പഞ്ചായത്ത് അംഗമായാണ് പാർലിമെന്ററി ജീവിതം ആരംഭിച്ചത്. തിരുവനന്തപുരം ഡി സി സി പ്രസിഡന്റ്, കെ പി സി സി ജനറൽ സെക്രട്ടറി, കെ പി സി സി വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

ആറ്റിങ്ങലിലെ വക്കത്ത് ഭാനു പണിക്കരുടെയും ഭവാനിയുടെയും മകനായി 1928 ഏപ്രിൽ 12നാണ് ജനനം. നിയമത്തിൽ ബിരുദാനന്തര ബിരുദമുള്ള വക്കം, സ്റ്റുഡന്റ്‌സ് കോൺഗ്രസ്സ് വഴിയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 1970ൽ ആറ്റിങ്ങലിൽ നിന്ന് ആദ്യമായി സഭയിലെത്തി. 1977, 1980, 1982, 2001 വർഷങ്ങളിലും ആറ്റിങ്ങലിൽ നിന്ന് നിയമസഭാംഗമായി. അച്യുതമേനോൻ, ഇ കെ നായനാർ, ഉമ്മൻ ചാണ്ടി സർക്കാറുകളിൽ മന്ത്രിയായി. 1982-84 കാലത്തും 2001 മുതൽ 2004 വരെയും സ്പീക്കറായും പ്രവർത്തിച്ചു.

---- facebook comment plugin here -----

Latest