Connect with us

Malappuram

അവധിക്കാല പുനഃക്രമീകരണം, പൊതുവിദ്യാലയ സുരക്ഷ: വിദ്യാഭ്യാസ മന്ത്രിയെ കണ്ട് എസ് എസ് എഫ്

സ്റ്റുഡൻ്റ് ഓൺലി ബസുകൾ വേണമെന്നും ആവശ്യം

Published

|

Last Updated

മലപ്പുറം | പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം നൽകി. അവധിക്കാല പുനഃക്രമീകരണം, പൊതു വിദ്യാലയ സുരക്ഷ വിഷയങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് അഭ്യർഥിച്ചാണ് നിവേദനം.

അധ്യയന വർഷം ആരംഭിക്കുമ്പോൾ തന്നെ റെഡ്, ഓറഞ്ച് അലർട്ടുകളുടെ പേരിലുള്ള തുടർച്ചയായ അവധികൾ വിദ്യാഭ്യാസത്തിൻ്റെ താളം തെറ്റിക്കുന്നുവെന്നും അക്കാദമിക് കലണ്ടർ പുനഃക്രമീകരിക്കണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. ബസുകളിൽ വിദ്യാർഥികളെ തിങ്ങി നിറച്ചുകൊണ്ട് പോവുന്നതിന് പകരമായി ‘സ്റ്റുഡന്റ്സ് ഓൺലി ബസുകൾ’ നടപ്പാക്കാനും ഭിന്നശഷിക്കാരായ വിദ്യാർഥികളുടെ യാത്രസൗകര്യം മെച്ചപ്പെടുത്താനും നടപടികൾ സ്വീകരിക്കണം.

അപകടാവസ്ഥയിലുള്ള സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്നും വിദ്യാലയങ്ങളുടെ ഫിറ്റ്നസ് പരിശോധനക്ക് ഏർപ്പെടുത്തിയ സംവിധാനം നിലനിർത്തണമെന്നും എസ് എസ് എഫ് ചൂണ്ടിക്കാട്ടി. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപഭോഗത്തിനെതിരെ ശക്തമായ നടപടി വേണമെന്നും സുരക്ഷിതവും ആരോഗ്യപരവുമായ പഠനാന്തരീക്ഷത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും നിവേദനത്തിൽ പറയുന്നു.

സംസ്ഥാനത്തെ പല സ്കൂൾ കെട്ടിടങ്ങളും തകർച്ചാഭീഷണി നേരിടുന്നു എന്നത് ഗൗരവമായ ഒരു വിഷയമാണ്. കുട്ടികളുടെ ജീവന് ഭീഷണിയുയർത്തുന്ന ഇത്തരം കെട്ടിടങ്ങൾ കണ്ടെത്തി നവീകരിക്കാൻ അടിയന്തിര നടപടികൾ വേണം. അപകടാവസ്ഥയിലുള്ള സ്കൂൾ കെട്ടിടം പൊളിച്ചു നീക്കാനും നടപടി വേണം. വിദ്യാലയങ്ങളുടെ ഫിറ്റ്നസ് പരിശോധനക്ക് നിലവിൽ സർക്കാർ ഏർപ്പെടുത്തിയ സംവിധാനം ശ്ലാഘനീയമാണ്. എന്നാൽ അത് താത്കാലികമാകരുത്. എല്ലാ സ്കൂളുകളിലും സമഗ്രമായ ഫിറ്റ്നസ് ഓഡിറ്റ് നടത്താനും ഇതിനായി സമഗ്രമായ സ്ഥിരം ഓഡിറ്റ് സംവിധാനം ഏർപ്പെടുത്താനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

മലപ്പുറം പ്രസ്ക്ലബിൽ നിന്ന് നടന്ന കൂടിക്കാഴ്ചയിൽ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ് ശുഹൈബ്, സെക്രട്ടറി പി പി മുഹമ്മദ് ആസിഫ് എന്നിവർചേർന്ന് നിവേദനം മന്ത്രിക്ക് കൈമാറി. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി കെ പി ജമാൽ കരുളായി സംബന്ധിച്ചു.

 

Latest