Business
ജി സി സിയിലെ ഏറ്റവും പ്രമുഖ മാര്‍ക്കറ്റിംഗ് ലീഡേഴ്സിന്റെ പട്ടികയില്‍ ഇടംപിടിച്ച് വി നന്ദകുമാര്‍
നന്ദകുമാറിനെ മധ്യപൗരസ്ത്യ മേഖലയിലെ മികച്ച അഞ്ച് പ്രൊഫഷണല്‍മാരില്‍ ഒരാളായി ഫോബ്‌സ് തിരഞ്ഞെടുത്തിരുന്നു.

ദുബൈ | ജി സി സിയില്‍ ഏറ്റവും പ്രമുഖരായ നാല് മാര്‍ക്കറ്റിംഗ് ലീഡേഴ്സിന്റെ കൂട്ടത്തില്‍ മലയാളിയും. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാറാണ് പട്ടികയില്‍ ഇടം പിടിച്ചത്.
ദുബൈയില്‍ ട്രൈബ്-ദി സി എം ഒ കണക്ട് പരിപാടിയോടനുബന്ധിച്ച് ഖലീജ് ടൈംസാണ് പട്ടിക പുറത്തിറക്കിയത്. ദുബൈ ഹോള്‍ഡിംഗ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഹുദ ബുഹുമൈദ് ആണ് ഒന്നാമതുള്ളത്. എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ്, മാര്‍ക്കറ്റിംഗ് & ബ്രാന്‍ഡ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബുത്രോസ് ബുത്രോസ്, പ്യുര്‍ ഹെല്‍ത്ത് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ മോദ് ബുഖാഷ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
കര്‍ശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തയാറാക്കിയ പട്ടിക മികവ്, നവീകരണം, നേതൃത്വം എന്നിവയെ ആഘോഷിക്കുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു. വി നന്ദകുമാര്‍ ലുലുവില്‍ 25 വര്‍ഷം തികച്ചു. നേരത്തെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായിരുന്ന നന്ദകുമാര്‍ പിന്നീട് മാര്‍ക്കറ്റിംഗ് മേധാവിയും 2010 ല്‍ ഡയറക്ടറും ആയി. ലുലുവിന്റെ ആസൂത്രണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു വരുന്നു.
മധ്യപൗരസ്ത്യ മേഖലയിലെ മികച്ച അഞ്ച് പ്രൊഫഷണല്‍മാരില്‍ ഒരാളായി ഫോബ്‌സ് തിരഞ്ഞെടുത്തിരുന്നു. ഇന്ത്യയില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പുകളില്‍ നിന്നുള്ള അനുഭവ സമ്പത്തുമായാണ് യു എ ഇയിലെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ്.