Connect with us

Ongoing News

ഉസ്‌ബെക്കിസ്ഥാന്‍ തരിപ്പണം; ഹോക്കിയില്‍ പടുകൂറ്റന്‍ ജയവുമായി ഇന്ത്യ

നായകന്‍ ഹര്‍മന്‍പ്രീത് സിംഗ് ഇല്ലാതെ ഇറങ്ങിയ ക്രെയിഗ് ഫോള്‍ട്ടന്‍സിന്റെ സ്‌ക്വാഡ് മൈതാനത്ത് പൂര്‍ണമായും സംഹാര താണ്ഡവമാടുകയായിരുന്നു.

Published

|

Last Updated

ഹാങ്ചൗ | ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പടുകൂറ്റന്‍ ജയവുമായി ഇന്ത്യ. ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത 16 ഗോളുകള്‍ക്കാണ് ഇന്ത്യ മുക്കിയത്. നായകന്‍ ഹര്‍മന്‍പ്രീത് സിംഗ് ഇല്ലാതെ ഇറങ്ങിയ ക്രെയിഗ് ഫോള്‍ട്ടന്‍സിന്റെ സ്‌ക്വാഡ് മൈതാനത്ത് പൂര്‍ണമായും സംഹാര താണ്ഡവമാടുകയായിരുന്നു. മത്സരത്തിന്റെ ഒരു വേളയില്‍ പോലും മുന്നേറ്റങ്ങള്‍ പടുത്തുയര്‍ത്താന്‍ ഉസ്‌ബെക്കിസ്ഥാനായില്ല.

ആദ്യ ക്വാര്‍ട്ടറില്‍ ലളിതും വരുണും ഇന്ത്യക്കായി ഗോള്‍ നേടി (2-0). രണ്ടാം ക്വാര്‍ട്ടറില്‍ അഭിഷേകിന്റെയും മന്‍ദീപിന്റെയും ഊഴമായിരുന്നു (4-0). തുടര്‍ന്ന് സുഖ്ജീത് പന്ത് വലയിലാക്കി. മന്‍ദീപ് രണ്ട് ഗോള്‍ കൂടി സ്വന്തം പേരിലാക്കിയതോടെ ഇടവേള സമയത്ത് ഇന്ത്യ ഏഴ് ഗോളിന് മുമ്പിലായി.

മൂന്നാം ക്വാര്‍ട്ടറില്‍ പെനാള്‍ട്ടി സ്‌ട്രോക്കിലൂടെ വരുണ്‍ ഗോള്‍ നില എട്ടാക്കി മാറ്റി. പിന്നീട് സുഖ്ജീത്, രൊഹിദാസ് എന്നിവരിലൂടെ ഇരട്ട അക്കത്തിലെത്തി (10-0). മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോഴേക്കും സുഖ്ജീത് വീണ്ടും സ്‌കോര്‍ ചെയ്തു. ഷംഷീര്‍ കൂടി പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെ ഇന്ത്യയുടെ ലീഡ് നില 12ലേക്ക് ഉയര്‍ന്നു.

വരുണ്‍ തന്റെ നാലാമത്തെയും അഞ്ചാമത്തെയും ഗോള്‍ കണ്ടെത്തുന്നതാണ് പിന്നീട് കണ്ടത് (14-0). ലളിത് നാലാമതും ഗോളടിച്ച സ്‌കോര്‍ 15ല്‍ എത്തിച്ചു. സഞ്ജയ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി (16-0).