Web Special
ഇറാൻ യുദ്ധം: വെറുതെ വിജയമാഘോഷിച്ച് അമേരിക്ക; മടക്കം ശൂന്യമായ കൈകളുമായി; ഒരു ലക്ഷ്യവും നേടിയില്ല!
യുദ്ധം ആരംഭിക്കുമ്പോൾ ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കുക, സൈനിക ശേഷി തകർക്കുക, ഭരണമാറ്റം കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളാണ് ട്രംപ് മുന്നോട്ട് വെച്ചിരുന്നത്. എന്നാൽ വെടിനിർത്തൽ കരാറിലെത്തുമ്പോൾ ഈ ലക്ഷ്യങ്ങളിൽ പലതും പൂർണ്ണമായി കൈവരിക്കാനായിട്ടില്ലെന്നാണ് വിലയിരുത്തൽ.
വാഷിംഗ്ടൺ | മിഡിൽ ഈസ്റ്റിൽ ഒരു മാസത്തിലേറെ നീണ്ടുനിന്ന യുദ്ധത്തിന് ശേഷം ഇറാനെതിരെ സമ്പൂർണ്ണ വിജയം നേടിയെന്ന പ്രഖ്യാപനവുമായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ ലോകസമാധാനത്തിനായുള്ള വലിയ ദിനമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർത്തുവെന്നും ലക്ഷ്യങ്ങളെല്ലാം കൈവരിച്ചുവെന്നും യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടു. ഓപ്പറേഷൻ എപ്പിക് ഫ്യൂറി ചരിത്രപരമായ വിജയമാണെന്നും അദ്ദേഹം കൂട്ടിിച്ചേർത്തു. എന്നാൽ ഈ അവകാശവാദങ്ങൾക്കിടയിലും യുദ്ധം കൊണ്ട് അമേരിക്ക എന്താണ് നേടിയതെന്ന ചോദ്യം ശക്തമാണ്.
യുദ്ധം ആരംഭിക്കുമ്പോൾ ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കുക, സൈനിക ശേഷി തകർക്കുക, ഭരണമാറ്റം കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളാണ് ട്രംപ് മുന്നോട്ട് വെച്ചിരുന്നത്. എന്നാൽ വെടിനിർത്തൽ കരാറിലെത്തുമ്പോൾ ഈ ലക്ഷ്യങ്ങളിൽ പലതും പൂർണ്ണമായി കൈവരിക്കാനായിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും ആണവ മോഹങ്ങളും ഇപ്പോഴും പൂർണ്ണമായി അവസാനിച്ചിട്ടില്ല.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണമാണ് യുദ്ധത്തിലെ മറ്റൊരു പ്രധാന വിഷയം. ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാത യുദ്ധത്തെ തുടർന്ന് ഇറാൻ അടച്ചിരുന്നു. വെടിനിർത്തൽ കരാർ പ്രകാരം ഈ പാത തുറന്നു കൊടുക്കാൻ ഇറാൻ സമ്മതിച്ചിട്ടുണ്ടെങ്കിലും അതിന്റെ നിയന്ത്രണം ഇപ്പോഴും ഇറാനിൽ തന്നെയാണ്. യുദ്ധത്തിന് മുൻപ് ഈ പാതയിലൂടെ തടസ്സങ്ങളില്ലാതെ കപ്പലുകൾ പോയിരുന്നെങ്കിൽ ഇപ്പോൾ നിയന്ത്രണാധികാരം ഇറാന്റെ കൈവശമാണെന്നത് അവർക്ക് കൂടുതൽ കരുത്ത് നൽകുന്നു.
ഇറാന്റെ നാവിക, വ്യോമ സേനകളെ തകർത്തുവെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും ഇറാന്റെ സൈന്യം ഇപ്പോഴും പ്രവർത്തനസജ്ജമാണെന്നതാണ് യാഥാർഥ്യം. ഇസ്റാഈലിലും ഗൾഫ് രാജ്യങ്ങളിലും യു എസ് സൈനിക താവളങ്ങളിലും ഇറാന്റെ ആക്രമണങ്ങൾ തുടർന്നിരുന്നു. കൂടാതെ ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് ട്രംപ് ഉന്നയിച്ച വാദങ്ങളും തർക്കവിഷയമാണ്.
ഇറാനിൽ ഭരണമാറ്റം ഉണ്ടായെന്ന ട്രംപിന്റെ വാദവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പഴയ ഭരണകൂടം തന്നെ ഇപ്പോഴും അധികാരത്തിൽ തുടരുകയും കൊല്ലപ്പെട്ട നേതാവിന്റെ മകൻ കൂടുതൽ കർക്കശമായ നയങ്ങളുമായി മുന്നോട്ട് വരികയുമാണ് ചെയ്തിരിക്കുന്നത്. ഉപരോധങ്ങൾ നീക്കം ചെയ്യുക, യുദ്ധനഷ്ടപരിഹാരം നേടുക തുടങ്ങിയ കാര്യങ്ങളിൽ ചർച്ച നടത്താൻ നിലവിലെ സാഹചര്യം ഇറാന് കൂടുതൽ മുൻതൂക്കം നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകൾ മിഡിൽ ഈസ്റ്റിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.
Summary
US President Donald Trump has declared a total victory over Iran following a month-long conflict and a ceasefire brokered by Pakistan. While the US administration claims to have depleted Iran’s military capabilities, experts argue that key objectives like ending the nuclear program and achieving regime change remain unfulfilled. The conflict has also left Iran with significant leverage over the strategic Strait of Hormuz as peace negotiations begin in Islamabad.





