Kerala
സി പി എം തെറ്റു തിരുത്തില്ല, അണികളെ നേതാക്കള്‍ കബളിപ്പിക്കുന്നു; ആക്ഷേപവുമായി ടി കെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും
സി പി എമ്മില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മുന്‍ സി പി എം നേതാക്കള്‍.
കണ്ണൂര്‍ | തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സി പി എമ്മില്‍ നടക്കുന്ന തെറ്റുതിരുത്തല്‍ നടപടി വെറും കബളിപ്പിക്കലാണെന്ന ആക്ഷേപവുമായി മുന്‍ സി പി എം നേതാക്കളായ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും. സി പി എമ്മില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ആരോപിച്ച നേതാക്കള്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ കടുത്ത വിമര്‍ശമുയര്‍ത്തി. തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ടുള്ള എം വി ഗോവിന്ദന്റെ തുറന്ന് പറച്ചില്‍ യാഥാര്‍ഥ്യവുമായി ചേരുന്നതല്ലെന്ന് ഇരുവരും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
സംസ്ഥാന കമ്മിറ്റിക്കും അതിന്റെ നേതൃത്വമായ സെക്രട്ടറിക്കും സ്വജനപക്ഷപാതിത്വത്തിന്റെയും പാര്‍ലിമെന്ററി മോഹങ്ങളുടെയും ജീര്‍ണതയില്‍ നിന്ന് തെറ്റ് തിരുത്തി പുറത്തുവരാനോ പറ്റിയ പിശക് അംഗീകരിക്കാനോ അല്‍പം പോലും കഴിയുന്നില്ല. പാര്‍ട്ടി അണികളെ കേട്ടതിന് ശേഷമുള്ള റിവ്യൂവല്ല തയ്യാറാക്കിയത്. തെറ്റുതിരുത്തല്‍ നാടകമാണ്. എം വി ഗോവിന്ദന്‍ പരാജയത്തിന് കാരണമായ വസ്തുതകള്‍ മറക്കുകയാണ്. തോല്‍വിയുടെ കാരണങ്ങളെ കുറിച്ച് ജനങ്ങളില്‍ നിന്നും അഭിപ്രായം തേടുന്നത് അപഹാസ്യമാണ്. കഴിഞ്ഞ സര്‍ക്കാര്‍ ബി ജെ പിയുമായി ഡീലുണ്ടാക്കിയെന്ന സംശയം ജനങ്ങള്‍ക്കുണ്ടായി. പി എം ശ്രീയില്‍ ഒപ്പിട്ടത് തിരിച്ചടിയായി. മുഖ്യമന്ത്രി അറിയാതെ ഒരിക്കലും ഉദ്യോഗസ്ഥര്‍ ഒപ്പിടില്ല. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതും തിരിച്ചടിയായി. വെറുതെ നടന്നു പോവുകയായിരുന്ന ഒരാളെ കാറില്‍ കയറ്റുകയായിരുന്നില്ല. അയ്യപ്പ സംഗമത്തില്‍ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിക്കല്‍, സര്‍വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാരെ നിയമിക്കല്‍, എന്നിവയെല്ലാം ജനങ്ങള്‍ക്കിടയില്‍ സിപിഎമ്മിന്റെ മതേതര മുഖത്തില്‍ സംശയമുണ്ടാക്കി. അതുകൊണ്ടു തന്നെ ജനം സിപിഎമ്മില്‍ നിന്നും അകന്നുവെന്നും ടി കെ ഗോവിന്ദന്‍ കുറ്റപ്പെടുത്തി. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോല്‍വിക്ക് കാരണം ജില്ലാ കമ്മിറ്റിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിലെ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ താന്‍ ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് പലപ്പോഴായി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടും സംസ്ഥാന സെക്രട്ടറി ആരോപണ വിധേയനായ വ്യക്തിക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് വി കുഞ്ഞികൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിച്ച് തോറ്റ ഏകയാള്‍ പിണറായി വിജയനാണെന്നും കുഞ്ഞികൃഷ്ണന്‍ പരിഹസിച്ചു. പയ്യന്നൂരില്‍ എം എല്‍ എ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.







