Kerala
ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ ബാധ്യത: മന്ത്രി അനൂപ് ജേക്കബ്
2016-21 കാലഘട്ടത്തില്‍ 13 സബ്സിഡി ഉത്പന്നങ്ങള്‍ ഒരേ വിലയില്‍ സപ്ലൈകോ വിറ്റഴിച്ചു. ഈ നഷ്ടം സര്‍ക്കാര്‍ നികത്തിയില്ല. ഇതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
കൊച്ചി | ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്. കഴിഞ്ഞ പത്ത് വര്‍ഷം പരിമിതമായ ഇടപെടലാണ് സപ്ലൈകോ നടത്തിയത്. 2016-21 കാലഘട്ടത്തില്‍ 13 സബ്സിഡി ഉത്പന്നങ്ങള്‍ ഒരേ വിലയില്‍ സപ്ലൈകോ വിറ്റഴിച്ചു. ഈ നഷ്ടം സര്‍ക്കാര്‍ നികത്തിയില്ല. ഇതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഭക്ഷ്യ വകുപ്പിനെ പൂര്‍ണമായും പുനരുജ്ജീവിപ്പിക്കേണ്ട സാഹചര്യമാണെന്ന് എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അനൂപ് ജേക്കബ് പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഒരു ക്ഷേമപദ്ധതിയും മുടങ്ങരുതെന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ട്. എല്ലാ ജില്ലകളിലും സിഗ്‌നേച്ചര്‍ മാര്‍ട്ടുകള്‍ ആരംഭിക്കും. കണ്‍വെയന്‍സ് സ്റ്റോര്‍ ആശയം പ്രവര്‍ത്തികമാക്കും. ശബരി ഉത്പന്നങ്ങള്‍ വിപുലപ്പെടുത്തുമെന്നും വിപണി ഇടപെടല്‍ വൈവിധ്യവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. മാര്‍ക്കറ്റ് കൂടുതല്‍ വൈവിധ്യവത്കരിക്കും. ഓണച്ചന്തകള്‍ വിപുലമായ രീതിയില്‍ നടപ്പാക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം മൂന്ന് എന്നീ മെട്രോ നഗരങ്ങളില്‍ ട്രേഡ് ഫെയറുകള്‍ സംഘടിപ്പിക്കും. കിടപ്പുരോഗികള്‍ അടക്കമുള്ളവര്‍ക്ക് വാതില്‍പ്പടി വിതരണം ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അര്‍ഹമായ എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ് ലഭ്യമാക്കും.
നെല്ല് സംഭരണത്തില്‍ കര്‍ഷകര്‍ക്ക് കുടിശ്ശിക ഉണ്ടായി. അതിനെയെല്ലാം മറികടക്കണം. മില്ലുടമകളുടെ പരാതി കേട്ട് താത്ക്കാലിക വിഷയങ്ങള്‍ പരിഹരിച്ചു. കൂടുതല്‍ ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും. ഹോട്ടലുകളില്‍ ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധനയില്‍ ഇടപെടും, വില്‍പന വില പ്രദര്‍ശിപ്പിക്കുന്ന നടപടികളിലേക്ക് കടക്കും. പ്രൈമറി സംഘങ്ങളെ ഒഴിവാക്കി സപ്ലൈകോ നേരിട്ട് സംഭരിച്ച് പണം നല്‍കും. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പ് വരുത്തും. സപ്ലൈകോയിലെ രാഷ്ട്രീയ നിയമനങ്ങള്‍ സംബന്ധിച്ച് റിപോര്‍ട്ട് തേടിയിട്ടുണ്ട്. പലയിടത്തും ജീവനക്കാര്‍ അധികമാണ്. തൊഴിലാളികളുടെ പുനക്രമീകരണം അടക്കമുള്ള നടപടികള്‍ ആലോചിക്കുന്നുണ്ട്. സപ്ലൈകോയുടെ മെഡിക്കല്‍ സ്റ്റോറുകള്‍ നിലവില്‍ നഷ്ടത്തിലാണ്. ഇവ ലാഭകരമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പുതിയ സ്റ്റോറുകള്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.







