Kuwait
കുവൈത്ത് വ്യോമപാത വീണ്ടും തുറന്നു; നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരുന്നതായി അധികൃതര്‍
മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യം അവസാനിച്ചതിനാല്‍ വ്യോമപാത വീണ്ടും സാധാരണ നിലയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി ഡി ജി സി എ.
കുവൈത്ത് സിറ്റി | കുവൈത്ത് വ്യോമപാത വീണ്ടും തുറന്നു. രാജ്യത്തിനു നേരെ വീണ്ടും വ്യോമാക്രമണം നടന്നതിനു പിന്നാലെ ഇന്ന് കാലത്ത് 4.50 ന് വ്യോമപാത താത്ക്കാലികമായി അടച്ചിരുന്നു. എന്നാല്‍, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യം അവസാനിച്ചതിനാല്‍ വ്യോമപാത വീണ്ടും സാധാരണ നിലയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) അറിയിച്ചു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങിയതായും അംഗീകൃത സമയക്രമങ്ങള്‍ പ്രകാരം സര്‍വീസുകള്‍ പുനരാരംഭിച്ചതായും വ്യോമയാന അധികൃതര്‍ വ്യക്തമാക്കി. കുവൈത്തിനകത്തും പുറത്തുമുഉള്ള ബന്ധപ്പെട്ട ഏജന്‍സികളുമായി സഹകരിച്ച് വ്യോമപാതയിലെ സുരക്ഷാ സാഹചര്യങ്ങള്‍ 24 മണിക്കൂറും നിരീക്ഷിച്ചുവരുന്നതായും ഏതെങ്കിലും പുതിയ സാഹചര്യങ്ങള്‍ രൂപപ്പെട്ടാല്‍ ഉടന്‍തന്നെ വിലയിരുത്തി ആവശ്യമായ നടപടിക്രമങ്ങള്‍ കൈക്കൊള്ളുമെന്നും അതോറിറ്റി അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയും വ്യോമഗതാഗതത്തിന്റെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചു വ്യക്തമാക്കിയ അതോറിറ്റി, ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ഔദ്യോഗിക ചാനലുകള്‍ മാത്രം അവലംബിക്കണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.







