Connect with us

Kerala

'എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍...';കെ മുരളീധന്റെ പഴയ അധിക്ഷേപ പ്രസ്താവനകള്‍ കുത്തിപ്പൊക്കി സാമൂഹിക മാധ്യമങ്ങള്‍

മുരളീധരന്‍ അന്ന് പറഞ്ഞത് ഇപ്പോള്‍ സത്യമായെന്നും ഇക്കാര്യത്തില്‍ 100 ശതമാനം കെ മുരളീധരന്‍ സാറിനൊപ്പമെന്നും തുടങ്ങിയ പരിഹാസ പോസ്റ്റുകളാണ് സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളില്‍ നിറയുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇടത് മന്ത്രിമാര്‍ക്കെതിരെ ഇന്നത്തെ ആരോഗ്യമന്ത്രി കെ മുരളീധരന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ കുത്തിപ്പൊക്കി സാമൂഹിക മാധ്യമങ്ങള്‍. പിണറായി വിജയന്‍ സര്‍ക്കാറിന്റെ കാലത്ത് നിപ രോഗം റിപോര്‍ട്ട് ചെയ്തപ്പോള്‍ കോണ്‍ഗ്രസ്സ് നേതാവ് കെ മുരളീധരന്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവരെ പരിഹസിച്ച് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്ത് വിമര്‍ശിക്കുന്നത്. ‘എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും’ എന്ന മുരളീധരന്റെ പഴയ പ്രസംഗമാണ് കുത്തിപ്പൊക്കിയത്.

മുരളീധരന്‍ അന്ന് പറഞ്ഞത് ഇപ്പോള്‍ സത്യമായെന്നും ഇക്കാര്യത്തില്‍ 100 ശതമാനം കെ മുരളീധരന്‍ സാറിനൊപ്പമെന്നും തുടങ്ങിയ പരിഹാസ പോസ്റ്റുകളാണ് സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളില്‍ നിറയുന്നത്.

‘പണ്ടൊരു ചൊല്ലുണ്ട്. എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. വവ്വാല്‍ ആണത്രേ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചിരുന്ന കാലത്ത് വവ്വാല്‍ ഉണ്ടായില്ലേ നമ്മുടെ നാട്ടില്‍. ഇപ്പോ എന്താണ് നിപ ഉണ്ടാവാന്‍ കാരണം. ഭരിക്കുന്നവന്‍ ശരിയല്ല. അതുകൊണ്ട് തന്നെയാണ്’- എന്നാണ് കെ മുരളീധരന്റെ പഴയ പ്രസംഗത്തിലെ വിവാദ പരാമര്‍ശം. പഴയ പ്രസംഗങ്ങള്‍ മുരളീധരനെ ഓര്‍മിപ്പിച്ച് മുന്‍ ആരോഗ്യ മന്ത്രിമാരായ കെ കെ ശൈലജയും വീണാ ജോര്‍ജും രംഗത്തെത്തിയിരുന്നു.

 

Latest