International
വെടിനിർത്തൽ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; യു എസ് - ഇറാൻ ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നു; ലോകം മുൾമുനയിൽ
അമേരിക്കൻ ഉപരോധങ്ങൾക്കും ഭീഷണികൾക്കുമിടയിൽ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കിയിരുന്നു.
ഇസ്ലാമാബായിൽ രണ്ടാം ഘട്ട സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്ന, സെറീന ഹോട്ടലിന്റെ സമീപം നടക്കുന്ന പാകിസ്ഥാൻ സൈനികൻ.
വാഷിംഗ്ടൺ | ഇറാനും യു എസ് – ഇസ്റാഈൽ സഖ്യവും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നു. രണ്ടാം ഘട്ട ചർച്ചകൾ പാകിസ്താനിൽ പുനരാരംഭിക്കാൻ നീക്കം നടക്കുന്നുണ്ടെങ്കിലും ഇറാന്റെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണം ഇല്ലാത്തതാണ് അനിശ്ചിതത്വങ്ങൾക്ക് ഇടയാക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 28ന് ആരംഭിച്ച രൂക്ഷമായ സൈനിക നീക്കങ്ങൾക്ക് താൽക്കാലിക ശമനം നൽകിയ രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നത് മേഖലയിൽ വീണ്ടും യുദ്ധ അന്തരീക്ഷം രൂപപ്പെടുമോ എന്ന ആശങ്കക്ക് വകവെക്കുന്നുണ്ട്. അതേസമയം, ബുധനാഴ്ച പാകിസ്താനിലെ ഇസ്ലാമാബാദിൽ ചർച്ചകൾ നടന്നേക്കുമെന്ന് പാക് വൃത്തങ്ങൾ സൂചിപ്പിച്ചു. യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ചർച്ചകൾക്കായി ഇസ്ലാമാബാദിൽ എത്തിയേക്കും.
പത്ത് ദിവസം മുമ്പ് നടന്ന ആദ്യഘട്ട ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ഇറാനിയൻ തുറമുഖങ്ങളിൽ യു എസ് ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാൻ തയ്യാറാകാത്തതും ഇറാന്റെ ചരക്കുകപ്പൽ പിടിച്ചെടുത്തതും ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കാൻ ഇറാനെ പ്രേരിപ്പിച്ചിരുന്നു. എന്നാൽ നിലവിൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് പോസിറ്റീവായ നിലപാടാണ് ഇറാൻ സ്വീകരിക്കുന്നതെന്ന് ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള തങ്ങളുടെ അവകാശം അംഗീകരിക്കണമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.

ഇസ്ലാമാബായിൽ രണ്ടാം ഘട്ട സമാധാന ചർച്ചകൾക്കായി ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാൻ ഒരുങ്ങുമ്പോൾ, പ്രസിഡന്റിന്റെ ഭവനത്തിനടുത്തുള്ള ഡി ചൗക്കിൽ പാകിസ്ഥാൻ സൈനികർ പട്രോളിംഗ് നടത്തുന്നു.
അമേരിക്കൻ ഉപരോധങ്ങൾക്കും ഭീഷണികൾക്കുമിടയിൽ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കിയിരുന്നു. ഭീഷണിയുടെ നിഴലിൽ ചർച്ചകൾ നടത്തുന്നത് ഇറാന്റെ നയമല്ലെന്നും അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ പുതിയ ‘യുദ്ധ തന്ത്രങ്ങൾ’ (Battlefield Cards) പുറത്തെടുക്കാൻ ഇറാൻ മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സമാധാന ചർച്ചകൾ നടന്നാൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ടോ അല്ലാതെയോ പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന കരാറിൽ എത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്. അതേസമയം സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന്റെ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്ന് ഇറാനും വ്യക്തമാക്കി.

ടെഹ്‌റാനിൽ, യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തലിനിടയിൽ, തെരുവിൽ ഇസ്രായേൽ വിരുദ്ധ ചുവർചിത്രത്തിനരികിലൂടെ നടന്നു നീങ്ങുന്ന സ്ത്രീ
യുദ്ധം ആഗോള എണ്ണ വിപണിയെയും ഓഹരി വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. ചർച്ചകൾ പുനരാരംഭിക്കുമെന്ന വാർത്തകൾ വന്നതോടെ എണ്ണവിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം നിലനിർത്തിക്കൊണ്ട് ഉപരോധങ്ങൾ നീക്കിയെടുക്കാനാണ് ഇറാന്റെ ശ്രമം.
വെടിനിർത്തൽ കാലാവധി യു എസ് സമയം ബുധനാഴ്ച രാത്രി 8 മണിയോടെ (ഇറാൻ സമയം വ്യാഴാഴ്ച പുലർച്ചെ 3:30) അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചർച്ചകൾക്കായി ഇസ്ലാമാബാദിൽ 20,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Summary
The United States and Iran are considering a second round of peace talks in Islamabad, Pakistan, as a two-week ceasefire is set to expire by Wednesday night. Despite significant uncertainty and recent tensions over a seized cargo ship, diplomatic efforts are intensifying to prevent a full-scale resumption of the war. Global markets remain volatile, awaiting the outcome of these crucial negotiations which involve high-level officials including US Vice President JD Vance.




