Editors Pick
1000 ടോമാഹോക്ക്, 1200 പേട്രിയറ്റ് മിസൈലുകൾ..: ഇറാനിൽ യുഎസ് നശിപ്പിച്ചത് കോടാനുകോടി ഡോളറിന്റെ ആയുധശേഖരം
ചൈനയോ റഷ്യയോ പോലുള്ള പ്രധാന എതിരാളികൾക്കെതിരായ സൈനിക നീക്കങ്ങൾക്കായി കരുതിവെച്ചിരുന്ന ആയുധശേഖരത്തിൽ നിന്നാണ് ഇപ്പോൾ വലിയൊരു ഭാഗം ചിലവഴിച്ചിരിക്കുന്നത്.
വാഷിംഗ്ടൺ | ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ സൈന്യം തങ്ങളുടെ പക്കലുള്ള അത്യാധുനിക ആയുധശേഖരം വൻതോതിൽ ചിലവഴിക്കുന്നതായി റിപ്പോർട്ട്. പെന്റഗണിൽ നിന്നുള്ള ആഭ്യന്തര കണക്കുകൾ പ്രകാരം ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ, പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ എന്നിവയുൾപ്പെടെ വിലപിടിപ്പുള്ള ആയുധങ്ങൾ വലിയ തോതിൽ ഉപയോഗിച്ചു കഴിഞ്ഞു. ഫെബ്രുവരി 28 ന് ഇസ്റാഈൽ ഇറാൻ ലക്ഷ്യസ്ഥാനങ്ങളിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയുണ്ടായ തിരിച്ചടിയാണ് അമേരിക്കയെ പ്രതിരോധത്തിലാക്കിയത്.
ചൈനയോ റഷ്യയോ പോലുള്ള പ്രധാന എതിരാളികൾക്കെതിരായ സൈനിക നീക്കങ്ങൾക്കായി കരുതിവെച്ചിരുന്ന ആയുധശേഖരത്തിൽ നിന്നാണ് ഇപ്പോൾ വലിയൊരു ഭാഗം ചിലവഴിച്ചിരിക്കുന്നത്. ഇതുവരെ യുദ്ധത്തിന് ചിലവായ തുകയെക്കുറിച്ച് വൈറ്റ് ഹൗസ് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും പ്രതിദിനം ശരാശരി 100 കോടി ഡോളർ എന്ന നിലയിൽ ആകെ 2800 കോടി മുതൽ 3500 കോടി ഡോളർ വരെ ചിലവ് വന്നതായി സ്വതന്ത്ര ഏജൻസികൾ വിലയിരുത്തുന്നു. യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം 560 കോടി ഡോളറിന്റെ യുദ്ധസാമഗ്രികളാണ് ഉപയോഗിച്ചത്.

ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ
അമേരിക്കൻ സൈന്യം ഏകദേശം 1100 ജെ എ എസ് എസ് എം ഇ ആർ (JASSM ER) മിസൈലുകൾ വിക്ഷേപിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ അമേരിക്കയുടെ പക്കൽ ആകെ ഉണ്ടായിരുന്ന 1500 മിസൈലുകളിൽ ഭൂരിഭാഗവും ഇതോടെ തീർന്നു. 600 മൈൽ പരിധിയുള്ള ഇതിലൊന്നിന് 11 ലക്ഷം ഡോളറാണ് വില. കൂടാതെ 1000 ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചു. ഇത് അമേരിക്ക പ്രതിവർഷം വാങ്ങുന്നതിന്റെ പത്തിരട്ടിയാണ്. ഓരോ ടോമാഹോക്ക് മിസൈലിനും 36 ലക്ഷം ഡോളർ വിലവരും. ഇതിനുപുറമെ 1200 പേട്രിയറ്റ് ഇന്റർസെപ്റ്ററുകളും വിക്ഷേപിച്ചു. 2025ൽ അമേരിക്ക ഉൽപ്പാദിപ്പിച്ച ആകെ പേട്രിയറ്റ് മിസൈലുകളുടെ എണ്ണം 600 മാത്രമായിരുന്നു..

38 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ 13,000 ലധികം ലക്ഷ്യസ്ഥാനങ്ങൾ തകർത്തതായാണ് സൈന്യം അവകാശപ്പെടുന്നത്. എന്നാൽ വൻകിട ലക്ഷ്യങ്ങൾ തകർക്കാൻ യുദ്ധവിമാനങ്ങളും ആർട്ടിലറികളും ഒന്നിലധികം തവണ ബോംബുകൾ വർഷിച്ചതിനാൽ യഥാർത്ഥത്തിൽ ചിലവായ ആയുധങ്ങളുടെ എണ്ണം ഇതിലും കൂടുതലാകാൻ സാധ്യതയുണ്ട്. ഏഷ്യയിലേയും യൂറോപ്പിലേയും സൈനിക കേന്ദ്രങ്ങളിൽ നിന്ന് പോലും ആയുധങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് മാറ്റേണ്ടി വന്നത് മറ്റ് മേഖലകളിലെ അമേരിക്കയുടെ പ്രതിരോധ സന്നദ്ധതയെ ബാധിച്ചിട്ടുണ്ട്.
ആയുധശേഖരം വീണ്ടും പഴയപടിയാക്കാൻ വർഷങ്ങൾ എടുത്തേക്കുമെന്ന് സെനറ്റർ ജാക്ക് റീഡ് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ അമേരിക്കയ്ക്ക് എപ്പോഴും ഏത് സാഹചര്യവും നേരിടാനുള്ള ആയുധശേഖരം ഉണ്ടെന്നാണ് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് അവകാശപ്പെട്ടത്.
Summary
The United States has reportedly depleted a significant portion of its advanced missile stockpile, including Tomahawks and Patriots, during the 38-day conflict with Iran. Reports estimate the war cost between $28 billion and $35 billion, straining the military’s capacity to prepare for potential future threats from major powers like China or Russia. While the White House maintains defense readiness, experts warn that replenishing these critical munitions at current production rates could take several years.






