International
ഇറാന്റെ പ്രത്യാക്രമണങ്ങളിൽ അമേരിക്ക നേരിട്ടത് പുറത്തറിഞ്ഞതിനേക്കാൾ വലിയ നാശനഷ്ടങ്ങൾ
തകർന്നടിഞ്ഞ താവളങ്ങളുടെ പുനരുദ്ധാരണത്തിനായി കോടിക്കണക്കിന് ഡോളർ ചിലവാകുമെന്നാണ് കണക്കാക്കുന്നത്.
വാഷിംഗ്ടൺ | പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പുറത്തറിഞ്ഞതിനേക്കാൾ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചത് മുതൽ വിവിധ രാജ്യങ്ങളിലെ യു എസ് താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. അതീവ സുരക്ഷയുള്ള താവളങ്ങളിൽ പോലും ഇറാൻ മിസൈലുകളും ഡ്രോണുകളും കനത്ത നാശം വിതച്ചതായാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. തകർന്നടിഞ്ഞ താവളങ്ങളുടെ പുനരുദ്ധാരണത്തിനായി കോടിക്കണക്കിന് ഡോളർ ചിലവാകുമെന്നാണ് കണക്കാക്കുന്നത്.
ഏഴ് രാജ്യങ്ങളിലായുള്ള യു എസ് സൈനിക കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യമിട്ടു. സൈനിക താവളങ്ങളിലെ സ്റ്റോറേജ് വെയർഹൗസുകൾ, കമാൻഡ് സെന്ററുകൾ, എയർക്രാഫ്റ്റ് ഹാങ്കറുകൾ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. റൺവേകൾ, റഡാർ സംവിധാനങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയും തകർക്കപ്പെട്ടു. അത്യാധുനികമായ അമേരിക്കൻ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഇറാന്റെ പഴയ എഫ് 5 യുദ്ധവിമാനം വരെ ആക്രമണം നടത്തുന്നതിൽ വിജയിച്ചു എന്നത് അമേരിക്കയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഇറാൻ ആക്രമണത്തെ തുടർന്ന് ബഹ്റൈനിലെ യുഎസ് വ്യോമതാവളത്തിൽ നിന്ന് പുക ഉയരുന്നു
ഇറാൻ നടത്തിയ ഈ ആക്രമണങ്ങളുടെ പൂർണ്ണമായ വിവരങ്ങൾ പുറത്തുവിടാൻ യു എസ് പ്രതിരോധ വകുപ്പ് തയ്യാറായിട്ടില്ല. മേഖലയിലെ സൈനിക നീക്കങ്ങൾ നിയന്ത്രിക്കുന്ന യു എസ് സെൻട്രൽ കമാൻഡ് നാശനഷ്ടങ്ങളെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. അതേസമയം, വിവരങ്ങൾ സുതാര്യമല്ലെന്ന് ആരോപിച്ച് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. പെന്റഗൺ റെക്കോർഡ് ബജറ്റ് ആവശ്യപ്പെടുമ്പോഴും യഥാർത്ഥ നാശനഷ്ടങ്ങൾ മറച്ചുവെക്കുന്നത് ശരിയല്ലെന്ന് അവർ വിമർശിക്കുന്നു.
ഇറാനുമായുള്ള യുദ്ധം തുടരുന്നതിനായി കോൺഗ്രസിൽ നിന്ന് 200 ബില്യൺ ഡോളറിലധികം തുകയാണ് പെന്റഗൺ ആവശ്യപ്പെട്ടിരിക്കുന്നത്. യുദ്ധത്തിന്റെ ആദ്യ വാരത്തിൽ തന്നെ 11 ബില്യൺ ഡോളർ സൈനിക നീക്കങ്ങൾക്കായി അമേരിക്ക ചിലവഴിച്ചിരുന്നു.
Summary
Recent Iranian strikes on US military bases across the Middle East have caused significantly more damage than initially reported, affecting critical infrastructure like command centers and radar systems. Officials indicate that the repair costs are expected to run into billions of dollars, leading to increased scrutiny over the Pentagon’s transparency. As the conflict continues, the US administration is seeking a massive defense budget to sustain its military operations in the region.



