Connect with us

Kerala

അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസ്; രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

രണ്ടാം പ്രതി ആന്റണി സണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളി.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പു കേസില്‍ രണ്ടാം പ്രതി ആന്റണി സണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യഹരജി തള്ളിയത്. സമാന്തര സാമ്പത്തിക മേഖല സൃഷ്ടിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ അജിത്ത് കുമാര്‍ വാദിച്ചു. പ്രധാന പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒളിവില്‍ കഴിയവെയാണ് പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

നിക്ഷേപവുമായി ബന്ധപ്പെട്ട് 30 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസ് പറയുന്നത്. 350 ഓളം പരാതികളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇതുവരെ ലഭിച്ചത്. രാജ്യത്തിന് പുറത്തു നിന്നും വന്‍തോതില്‍ സ്ഥാപനത്തിലേക്ക് പണം വന്നതായി കണ്ടെത്തിയിട്ടുണ്ട്.

കേസിലെ പ്രതികളായ തൃശൂര്‍ സ്വദേശി ഗഫൂര്‍, മലപ്പുറം സ്വദേശി ഷൗക്കത്തലി എന്നിവരെ കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിലും സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അഞ്ചാം പ്രതിയും സ്ഥാപനത്തിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ ജീനയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

12 ശതമാനം പലിശയും സ്ഥാപനത്തില്‍ ജോലിയും വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ വഞ്ചിച്ചത്. 59 ലക്ഷം രൂപ നഷ്ടപ്പെട്ട തലശ്ശേരി സ്വദേശിയായ ഡോകടറുടെ പരാതിയിലാണ് ആദ്യം കേസെടുത്തത്. 5,300 മുതല്‍ ഒരു കോടിയോളം രൂപ വരെ നിക്ഷേപിച്ചവരുണ്ടെന്ന് പോലീസ് പറയുന്നു.