National
വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം: മറ്റന്നാള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും
വനിതകള്‍ക്ക് ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം സീറ്റുകള്‍ നീക്കിവെക്കുന്ന ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
ന്യൂഡല്‍ഹി | വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബില്‍ മറ്റന്നാള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
വനിതകള്‍ക്ക് ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം സീറ്റുകള്‍ നീക്കിവെക്കുന്ന ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. രാജ്യസഭ ബില്ല് നേരത്തെ പാസാക്കിയിരുന്നു.
ഇന്ന് വൈകിട്ട് 6.30ന് തുടങ്ങിയ യോഗം രാത്രി എട്ടിനാണ് അവസാനിച്ചത്. പ്രത്യേക പാര്‍ലിമെന്റ് സമ്മേളനത്തിലാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. അതിനാല്‍ എന്തൊക്കെ കാര്യങ്ങളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നത് ഇപ്പോഴും അവ്യക്തമാണ്.
2010 മാര്‍ച്ച് ഒമ്പതിന് രാജ്യസഭ വന്‍ ഭൂരിപക്ഷത്തോടെ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍, ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ അന്നത്തെ യു പി എ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സമാജ് വാദി പാര്‍ട്ടി, ബി എസ് പി എന്നീ കക്ഷികള്‍ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
പാര്‍ലിമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ചരിത്രപരമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ച സാഹചര്യത്തില്‍ മന്ത്രിസഭാ യോഗം പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യോഗത്തിനു മുമ്പായി നിര്‍ണായക പ്രാധാന്യമുള്ള പല ചര്‍ച്ചകളും നേതൃതലത്തില്‍ നടക്കുകയും ചെയ്തു. വിഷയത്തില്‍ വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയലും പാര്‍ലിമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു.