National
മഹാരാഷ്ട്ര നഗരസഭാ തിരഞ്ഞെടുപ്പില്‍ ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിക്ക് ജയം
.2018 ഓഗസ്റ്റില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്ത കേസിലും പങ്കാര്‍കര്‍ പ്രതിയായിരുന്നു
ജല്‍ന | മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ശ്രീകാന്ത് പങ്കാര്‍കര്‍ മഹാരാഷ്ട്രയിലെ ജല്‍ന നഗരസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചു. ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. സ്വതന്ത്രരും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലായിരുന്നു മത്സരം.ഗൗരി ലങ്കേഷ് വധക്കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കെയാണ് ശ്രീകാന്ത് ജനവിധി തേടിയത്.
പ്രമുഖ മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷ് 2017 സെപ്റ്റംബര്‍ 5നാണ് ബെംഗളൂരുവിലെ വീടിന് മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവം രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കു കാരണമായിരുന്നു. കേസില്‍ പ്രതിയായി ചേര്‍ക്കപ്പെട്ട പങ്കാര്‍കറിന് 2024 സെപ്റ്റംബര്‍ 4-നാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.2018 ഓഗസ്റ്റില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്ത കേസിലും പങ്കാര്‍കര്‍ പ്രതിയായിരുന്നു. അന്ന് സ്ഫോടകവസ്തു നിയമം, യുഎപിഎ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. അമോല്‍ കാലെയുടെ നേതൃത്വത്തില്‍ മറ്റൊരു തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ളവരാണ് കൊലക്ക് പിന്നിലെന്നാണ് കണ്ടെത്തല്‍.



