International
സംഘര്‍ഷ മേഖലയെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിട്ടു; ഇറാനെ ആക്രമിച്ച അമേരിക്കക്കെതിരെ അതിരൂക്ഷ വിമര്‍ശവുമായി യു എന്‍
സാധാരണക്കാര്‍ക്കും മേഖലയ്ക്കും ലോകത്തിനും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഗുട്ടെറസ്

തെഹ്‌റാന്‍ \ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച അമേരിക്കക്കെതിരെ അതിരൂക്ഷവിമര്‍ശവുമായി യുഎന്‍. നിലവില്‍ സംഘര്‍ഷഭരിതമായ മേഖലയെ കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നതാണ് യുഎസ് നടപടിയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.അശാന്തമായ മേഖലയില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയല്ല ചെയ്യേണ്ടത്. സൈനിക നടപടി പരിഹാരമല്ല. മുന്നോട്ടേക്കുള്ള ഏക മാര്‍ഗം നയതന്ത്രമാണ്. ഏക പ്രതീക്ഷ സമാധാനമാണെന്നും അദ്ദേഹം ഗുട്ടെറസ് പറഞ്ഞു
നിലവില്‍ സംഘര്‍ഷം നിയന്ത്രണം വിട്ടുപോകാനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സാധാരണക്കാര്‍ക്കും മേഖലയ്ക്കും ലോകത്തിനും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി.
വിവിധ ലോകരാജ്യങ്ങളും യുഎസ് നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി. ക്യൂബ, ചിലി, മെക്‌സിക്കോ, വെനസ്വേല എന്നീ രാജ്യങ്ങളാണ് അമേരിക്കന്‍ ആക്രമണത്തെ അപലപിച്ചത്. സംഘര്‍ഷം അവസാനിപ്പിക്കാനും, മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
ഇറാന്റെ ആണവകേന്ദ്രങ്ങളായ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ യുഎസ് ആക്രമണം നടത്തിയത്. മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചെന്നും ഫോര്‍ദോ തകര്‍ത്തെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.