National
യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ എട്ട്, ഒൻപത് തീയതികളിൽ ഇന്ത്യ സന്ദർശിക്കും; സമഗ്ര സാമ്പത്തിക പങ്കാളിത്തം ലക്ഷ്യം
കീർ സ്റ്റാർമറുടെ ആദ്യത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്.

ന്യൂഡൽഹി | ദ്വിദിന സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ഒക്ടോബർ 8, 9 തീയതികളിൽ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കീർ സ്റ്റാർമറുടെ ആദ്യത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്.
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ, ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യും. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ഉൾപ്പെടുന്ന പത്ത് വർഷത്തെ പദ്ധതിയായ ‘വിഷൻ 2035’ റോഡ്മാപ്പ് പ്രധാന ചർച്ചാവിഷയമാകും.
ഒക്ടോബർ 9 ന് മുംബൈയിൽ മോദിയും സ്റ്റാർമറും ബിസിനസ്, വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ (സി ഇ ടി എ.) തുറന്നുനൽകുന്ന അവസരങ്ങൾ ചർച്ച ചെയ്യും. പ്രാദേശികവും ആഗോളവുമായ പ്രാധാന്യമുള്ള വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെടും. കൂടാതെ, ആറാമത് ‘ഗ്ലോബൽ ഫിൻടെക് ഫെസ്റ്റി’ൽ ഇരു നേതാക്കളും പങ്കെടുക്കുകയും, മുഖ്യ പ്രഭാഷണങ്ങൾ നടത്തുകയും, നവീകരണ വിദഗ്ദ്ധർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
‘വിഷൻ 2035’ തന്ത്രത്തിന് അന്തിമരൂപം നൽകുന്നതിനായി 2025 ജൂലൈയിൽ മോദി യുകെ സന്ദർശിച്ചിരുന്നു. അന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഗ്രാമീണ വസതിയായ ചെക്കേഴ്സിൽ വെച്ച് അദ്ദേഹം കീർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി. ആ സന്ദർശനത്തിൽ, പ്രധാന പ്രതിരോധ ഉൽപ്പന്നങ്ങളുടെ സംയുക്ത വികസനത്തിനും നിർമ്മാണത്തിനും പ്രോത്സാഹനം നൽകുന്നതിനായി ഇരു രാജ്യങ്ങളും ഒരു പ്രതിരോധ വ്യാവസായിക റോഡ്മാപ്പിൽ ഒപ്പുവെച്ചിരുന്നു.
2025 ജൂലൈ 24 നാണ് ഇന്ത്യയും യുകെയും ചരിത്രപരമായ സമഗ്ര സാമ്പത്തിക വ്യാപാര കരാറിൽ (സി ഇ ടി എ.) ഒപ്പുവെച്ചത്. ഇതുവഴി ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഏകദേശം 99% കയറ്റുമതിക്ക് യുകെയിലേക്ക് തീരുവ രഹിത പ്രവേശനം ലഭിക്കുകയും, യുകെ ഉൽപ്പന്നങ്ങളുടെ 90% തീരുവ ഒഴിവാക്കുകയും ചെയ്യും. നിലവിൽ ഏകദേശം 56 ബില്യൺ യു എസ. ഡോളറാണ് ഉഭയകക്ഷി വ്യാപാരം. ഇത് 2030 ഓടെ ഇരട്ടിയാക്കുകയാണ് കരാറിന്റെ ലക്ഷ്യം.