Kerala
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം; യുഡിഎഫ് 15, എൽഡിഎഫ് 12, ബിജെപി രണ്ട്
കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി ഒന്നാം വാർഡിൽ യുഡിഎഫ്. സ്ഥാനാർഥി റസീന പൂക്കോട് 272 വോട്ടിന് വിജയിച്ചു. 17 വർഷത്തിനുശേഷം ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ ഒന്നാം വാർഡ് അട്ടിമറി ജയത്തോടെ യുഡിഎഫ് സ്വന്തമാക്കുകയായിരുന്നു.
തിരുവനന്തപുരം | സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. 29 വാർഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്രൻ ഉൾപ്പെടെ 15 യുഡിഎഫ് സ്ഥാനാർഥികൾ ജയിച്ചു. 12 ഇടങ്ങളിൽ എൽഡിഎഫും രണ്ടിടത്ത് ബിജെപിയും ജയിച്ചു. എൽഡിഎഫിൽനിന്ന് ഏഴു സീറ്റുകളും ബിജെപിയിൽനിന്ന് രണ്ടു സീറ്റുകളുമാണ് യുഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫിന്റെ രണ്ടു സീറ്റുകൾ എൽഡിഎഫും പിടിച്ചെടുത്തു. ബിജെപി ആലപ്പുഴയിൽ ഒരു സീറ്റ് എൽഡിഎഫിൽനിന്നു പിടിച്ചെടുത്തു.
കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി ഒന്നാം വാർഡിൽ യുഡിഎഫ്. സ്ഥാനാർഥി റസീന പൂക്കോട് 272 വോട്ടിന് വിജയിച്ചു. 17 വർഷത്തിനുശേഷം ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ ഒന്നാം വാർഡ് അട്ടിമറി ജയത്തോടെ യുഡിഎഫ് സ്വന്തമാക്കുകയായിരുന്നു. കോഴിക്കോട് മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ വാര്‍ഡില്‍ സിപിഎമ്മിന്റെ എം.എം.രവീന്ദ്രന്‍ വിജയിച്ചു. ലീഡ് 158 വോട്ടുകൾ.
തൃശൂര്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പൈങ്കുളം വാര്‍ഡില്‍ സിപിഎമ്മിന്റെ ഗോവിന്ദന്‍ 2121 വോട്ടുകൾക്ക് വിജയിച്ചു. തിരുവനന്തപുരം കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഇ എല്‍ബറിക്കാണ് വിജയം – ലീഡ് 103 വോട്ടുകൾ. പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം ജെ ഷൈജ 45 വോട്ടുകൾക്ക് വിജയിച്ചു.
ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പുറം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആല്‍ബര്‍ട്ട് 299 വോട്ടുകള്‍ക്ക് സ്വതന്ത്രനെ പരാജയപ്പെടുത്തി.
കൊല്ലം പേരയം ഗ്രാമപഞ്ചായത്തിലെ പേരയം ബിയില്‍ കോണ്‍ഗ്രസിലെ ലത ബിജു വിജയിച്ചു. 59 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥിയെയാണ് പരാജയപ്പെടുത്തിയത്. പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കോട്ടുവന്‍കോണം വാര്‍ഡില്‍ ബിജെപിക്കാണ് ജയം. ബിജെപിയുടെ ഗീത എസ്സ് സിപിഎമ്മിന്റെ ശുഭാകുമാരിയെ 123 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വാത്തറ വാര്‍ഡില്‍ സിപിഎമ്മിന്റെ കെ.പി.സ്മിനീഷ് 65 വോട്ടുകൾക്ക് വിജയിച്ചു. പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ വന്‍മഴി വെസ്റ്റില്‍ കോണ്‍ഗ്രസിലെ ജോസ് വല്യാനൂര്‍ 40 വോട്ടുകൾക്ക് ഇടത് സ്വതന്ത്രനെ തോല്‍പ്പിച്ചു. കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ കാര്‍ത്തികപ്പള്ളി വാര്‍ഡില്‍ ബിജെപിയുടെ ഉല്ലാസിനാണ് വിജയം. ലീഡ് 77 വോട്ടുകൾ.
പാലമേല്‍ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര തെക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷീജാ ഷാജി വിജയിച്ചു. സിപിഐയുടെ രാജി നൗഷാദിനെ 21 വോട്ടുകള്‍ക്കാണ് തോൽപ്പിച്ചത്.





