Uae
ബഹിരാകാശ മേഖലയിൽ സുപ്രധാന നേട്ടങ്ങളുമായി യു എ ഇ
യു എ ഇ സമയം ഇന്ന് രാത്രി 8.40ന് റോവർ ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷ

ദുബൈ | ബഹിരാകാശ മേഖലയിൽ സുപ്രധാന നേട്ടങ്ങളുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു എ ഇ). യു എ ഇ നിർമിത റാശിദ് റോവർ ഇന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് തയ്യാറെടുക്കവേ, എമിറേറ്റ്സ് മാർസ് മിഷൻ ദൗത്യത്തിൽ ആഗോള ശ്രദ്ധ നേടുന്ന കണ്ടുപിടിത്തവും ഇമാറാത്തി ബഹിരാകാശയാത്രികന്റെ ബഹിരാകാശ നടത്തവും രാജ്യത്തിന് സമ്മാനിക്കുന്നത് സമാനതകളില്ലാത്ത മുന്നേറ്റം.
യു എ ഇയുടെ റാശിദ് റോവറിലാണ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും. യു എ ഇ സമയം ഇന്ന് രാത്രി 8.40ന് ആണ് രാജ്യത്തിന്റെ ചാന്ദ്ര ദൗത്യങ്ങളുടെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് റോവർ ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. ഇന്നലെ ചന്ദ്രന്റെ ഏറ്റവും അടുത്ത് നിന്നുള്ള ചിത്രം അയച്ചുകൊണ്ട് റോവർ വലിയ പ്രതീക്ഷയാണ് നൽകിയത്.
അഞ്ച് മാസംനീണ്ട ബഹിരാകാശ യാത്ര കഴിഞ്ഞ ഡിസംബറിലാണ് ആരംഭിച്ചത്. യു എ ഇ നിർമ്മിച്ച റോവറും മറ്റ് അന്താരാഷ്ട്ര പേലോഡുകളും അടങ്ങിയ ഹകുട്ടോ- ആർ എം 1 ലാൻഡ് ചെയ്യുന്നതിനുള്ള സങ്കീർണമായ പ്രവർത്തനത്തിലാണിപ്പോഴുള്ളത്.
സോഫ്റ്റ് ലാൻഡിംഗ് ശ്രമങ്ങളുടെ വിജയ നിരക്ക് കുറവാണ്. 2019ൽ ഇന്ത്യയും ഇസ്രാഈലും ഹാർഡ് ലാൻഡിംഗ് നടത്തി ദൗത്യം പരാജയത്തിലായി. അമേരിക്കയും മുൻ സോവിയറ്റ് യൂണിയനും ചൈനയും മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള രാജ്യങ്ങൾ.
ചന്ദ്രനു അന്തരീക്ഷമില്ലാത്തതിനാലും ചന്ദ്രോപരിതലത്തിലെ അസ്ഥിരമായ ഭൂപ്രദേശവും സുരക്ഷിതമായ ലാൻഡിംഗ് ബുദ്ധിമുട്ടാക്കും. 10 കിലോഗ്രാം ഭാരമുള്ള റാശിദ് റോവറിനെ വഹിക്കുന്ന ഹകുട്ടോ- ആർ എം 1, ഭൂമിക്ക് അഭിമുഖമായി ചന്ദ്രന്റെ ഉത്തരധ്രുവ പ്രദേശമായ ‘തണുപ്പിന്റെ കടൽ’ എന്നറിയപ്പെടുന്ന മാരെ ഫ്രിഗോറിസ് മേഖലയിലെ അറ്റ്ലസ് ഗർത്തത്തിൽ ഇറങ്ങാൻ ശ്രമിക്കും. വിജയിച്ചില്ലെങ്കിൽ മൂന്ന് ബദൽ ലാൻഡിംഗ് സൈറ്റുകളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അവയെ ആശ്രയിച്ച് ലാൻഡിംഗ് തീയതി വ്യത്യാസപ്പെടും. മെയ് 1, മെയ് 3 എന്നിവയാണ് ഇതര ലാൻഡിംഗ് തീയതികൾ.
എമിറേറ്റ്‌സ് ചൊവ്വ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച ഹോപ്പ് പ്രോബ്, ചൊവ്വയുടെ ഉപഗ്രഹമായ ഡീമോസിന്റെ എക്കാലത്തെയും വ്യക്തമായ ചിത്രം പകർത്തി. ചൊവ്വയെയും അതിന്റെ ഉപഗ്രഹങ്ങളെയും പറ്റി പുതിയ ഉൾക്കാഴ്ചകൾ നൽകുന്നത് മാത്രമല്ല ഈ ചിത്രം. ചൊവ്വയുടെ ഭ്രമണപഥത്തിലെ ഒരു ബാഹ്യ ഛിന്നഗ്രഹമാണ് ഡീമോസ് എന്ന നിലവിലുള്ള അനുമാനങ്ങൾ വെല്ലുവിളിക്കുകയും ചെയ്യുന്നതാണ് ഈ അറിവ്.
അറബ് ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യത്തിൽ ഏർപ്പെട്ട യു എ ഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ആറര മണിക്കൂർ ബഹിരാകാശ നടത്തത്തിന് തയ്യാറെടുക്കുകയാണ്.
ഏപ്രിൽ 28ന് ബഹിരാകാശ നടത്തം സാധ്യമാകുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബി എന്ന നേട്ടവും കൂടിയാണ് അദ്ദേഹം സ്വന്തമാക്കാനിരിക്കുന്നത്. രാഷ്ട്ര പിതാവ് ശൈഖ്സായിദിന്റെ അഭിലാഷങ്ങളും ദർശനങ്ങളും പ്രോജ്വലിപ്പിക്കാൻ യു എ ഇ ഭരണാധികാരികൾ ബഹിരാകാശ മേഖലയിൽ നടത്തി വരുന്ന ശ്രദ്ധേയമായ നീക്കങ്ങൾ ഒരു ജനതയെ ആഗോള പ്രശസ്തിയിലേക്ക് കൊണ്ടുവരികയാണ്.