Uae
ഉയരമുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ യു എ ഇ രണ്ടാം സ്ഥാനത്ത്
അമേരിക്കയെ മറികടന്ന് ആണ് നേട്ടം

ദുബൈ| മുന്നൂറ് മീറ്ററിലധികം ഉയരമുള്ള അംബരചുംബികളുടെ എണ്ണത്തിൽ യു എ ഇ അമേരിക്കയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. കൗൺസിൽ ഓൺ ടാൾ ബിൽഡിംഗ്സ് ആൻഡ് അർബൻ ഹാബിറ്റാറ്റ് പുറത്തുവിട്ട പുതിയ കണക്കുകളിലാണ് ഈ വിവരം. നിലവിൽ യു എ ഇയിൽ 300 മീറ്ററിൽ കൂടുതൽ ഉയരമുള്ള 37 കെട്ടിടങ്ങളുണ്ട്. അമേരിക്കയ്ക്ക് 31 കെട്ടിടങ്ങളാണുള്ളത്. 122 അംബരചുംബികളുമായി ചൈനയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
എല്ലാ ഉയര വിഭാഗങ്ങളിലും യു എ ഇ ഇപ്പോൾ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ്. 150 മീറ്ററിൽ കൂടുതൽ ഉയരമുള്ള 345 കെട്ടിടങ്ങളും 200 മീറ്ററിൽ കൂടുതൽ ഉയരമുള്ള 159 കെട്ടിടങ്ങളും യു എ ഇയിൽ ഉണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ സ്ഥിതി ചെയ്യുന്ന ദുബൈയാണ് നേട്ടത്തിന് പ്രധാന കാരണം. വാസ്തുവിദ്യ, നവീകരണം, ടൂറിസം എന്നിവയിൽ രാജ്യത്തിന്റെ മുന്നേറ്റത്തിന്റെ അടയാളമായി ദുബൈയുടെ ആകാശരേഖ മാറിക്കഴിഞ്ഞു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്ത് കെട്ടിടങ്ങളുടെ പട്ടികയിൽ ഷാങ്ഹായ്, ഷെൻഷെൻ, ഗ്വാങ്ഷോ തുടങ്ങിയ ചൈനീസ് നഗരങ്ങളാണ് പ്രധാനമായും ഇടംപിടിച്ചിരിക്കുന്നത്. ഒരുകാലത്ത് അംബരചുംബികളുടെ കാര്യത്തിൽ മുൻപന്തിയിലായിരുന്ന അമേരിക്ക ഇപ്പോൾ ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായ മെർഡേക്ക 118 (679 മീറ്റർ) സ്ഥിതി ചെയ്യുന്ന മലേഷ്യയാണ് തൊട്ടുപിന്നിൽ.