Kerala
ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് വി ഡി സതീശന്‍ വീരാളിപ്പട്ട് പുതക്കും: എം വി ഗോവിന്ദന്‍
ആര്‍ എസ് എസുകാരന്റെ മുന്നില്‍ പോയി വഴങ്ങിയതിന് സതീശന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ജമാഅത്തെ ഇസ്ലാമിയെ ഇനിയും ഒപ്പം ചേര്‍ത്ത് മുന്നോട്ട് പോകുമെന്നാണ് പറയുന്നത്
തിരുവനന്തപുരം | ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്നാണ് വി ഡി സതീശന്‍ വീരാളിപ്പട്ട് പുതക്കുകയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
ആര്‍ എസ് എസുകാരന്റെ മുന്നില്‍ പോയി വഴങ്ങിയതിന് സതീശന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ജമാഅത്തെ ഇസ്ലാമിയെ ഇനിയും ഒപ്പം ചേര്‍ത്ത് മുന്നോട്ട് പോകുമെന്നാണ് പറയുന്നത്. പിന്നെ എന്ത് വര്‍ഗീയതക്കെതിരായ പോരാട്ടമാണ്. വെറുതെ ഓരോന്ന് പറയുകയാണ്.
ജമാഅത്തെ ഇസ്ലാമിയെ യു ഡി എഫ് കൂടെ ക്കൊണ്ടു പോവുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വര്‍ഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചുകിടക്കുമെന്നും പിന്നില്‍നിന്ന് വെട്ടേറ്റ് മരിക്കില്ലെന്നും സതീശന്‍ പറഞ്ഞതിനോടായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
എസ് എന്‍ ഡി പി- എന്‍ എസ് എസ് ഐക്യത്തെ സി പി എം വ്യക്തിപരമായല്ല കാണുന്നതെന്നും എല്ലാ സാമുദായ വിഭാഗങ്ങളും ഐക്യപ്പെട്ട് സാഹോദര്യത്തോടെ മുന്നോട്ടുപോകണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളം പോലൊരു വൈവിധ്യ സമൂഹിക പശ്ചാത്തലത്തില്‍ എല്ലാ സാമുദായിക സംഘടനകളും ഐക്യത്തോടെ മുന്നോട്ടുപോകുന്നത് നല്ലതായിരിക്കും.
രാജ്യം അഭിമുഖീകരിക്കുന്ന ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണുന്നതിനുവേണ്ടിയുള്ള നിരന്തരമായുള്ള ശ്രമത്തില്‍ ഇവരുടെ ഐക്യം എങ്ങനെയാണ് രൂപം കൊണ്ട് വരിക എന്നത് ചരിത്രത്തിന്റെ ഭാഗമായി മാത്രമേ മനസിലാക്കാനാകൂ. ആത്മീയമായി വിശകലനം ചെയ്യുമ്പോള്‍ എല്ലാ സാമുദായിക മത വിഭാഗങ്ങളും ഐക്യപ്പെട്ട് സാഹോദര്യത്തോടെ മുന്നോട്ടുപോകുകയാണ് വേണ്ടത്. സംഘര്‍ഷാത്മകമായ ഒരു സാഹചര്യമല്ല ഉണ്ടാകേണ്ടത് എന്നാണ് സി പി എം നോക്കി കാണുന്നത്.

