Uae
യു എ ഇ-ഒമാന്‍ ദേശീയ ദിനങ്ങള്‍; ഹത്ത അതിര്‍ത്തിയില്‍ റെക്കോര്‍ഡ് തിരക്ക്
നവംബര്‍ 25 മുതല്‍ ഡിസംബര്‍ രണ്ട് വരെ 1,45,265 പേരാണ് ഹത്ത വഴി കടന്നുപോയതെന്ന് ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്.
ദുബൈ | യു എ ഇയിലെയും ഒമാനിലെയും ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളില്‍ ഹത്ത അതിര്‍ത്തിയില്‍ യാത്രക്കാരുടെ റെക്കോര്‍ഡ് തിരക്ക്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ രണ്ട് വരെ 1,45,265 പേരാണ് ഹത്ത വഴി കടന്നുപോയതെന്ന് ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു.
യു എ ഇയുടെ 54-ാം ദേശീയ ദിനത്തിന്റെയും ഒമാന്റെ 55-ാം ദേശീയ ദിനത്തിന്റെയും അവധി ദിവസങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ വന്നതോടെയാണ് അതിര്‍ത്തിയില്‍ യാത്രക്കാരുടെ ഒഴുക്ക് അസാധാരണമായി വര്‍ധിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
അപ്രതീക്ഷിത തിരക്ക് കൃത്യമായി കൈകാര്യം ചെയ്യുന്നതിനായി ജി ഡി ആര്‍ എഫ് എ നടപ്പാക്കിയ സനദ് ടീം പ്ലാന്‍ വലിയ വിജയമായിരുന്നു. ഉദ്യോഗസ്ഥരെ തന്ത്രപരമായി വിന്യസിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനം ശക്തമാക്കുകയും ചെയ്തതിലൂടെ യാത്രക്കാര്‍ക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാന്‍ സാധിച്ചുവെന്ന് ജി ഡി ആര്‍ എഫ് എ വ്യക്തമാക്കി. തിരക്കേറിയ ദിവസങ്ങളില്‍ പോലും പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാനായതില്‍ ഉദ്യോഗസ്ഥരുടെ പ്രൊഫഷണലിസമാണ് നിര്‍ണായകമായതെന്ന് ജി ഡി ആര്‍ എഫ് എ ദുബൈ മേധാവി ലഫ്. ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.





