Connect with us

Editors Pick

UAE Jobseeker Visit Visa | യുഎഇയിൽ സ്പോൺസറില്ലാതെ ജോലി തിരയാം; തൊഴിലന്വേഷക വിസ സ്വന്തമാക്കാൻ അറിയേണ്ടതെല്ലാം 

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) നൽകുന്ന ഈ വിസ വഴി വിദേശികൾക്ക് യുഎഇയിൽ 60, 90 അല്ലെങ്കിൽ 120 ദിവസത്തേക്ക് താമസിച്ച് തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ സാധിക്കും.

Published

|

Last Updated

ദുബൈ | യുഎഇയിൽ ജോലി അന്വേഷിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി സ്പോൺസറോ ഹോസ്റ്റോ ഇല്ലാതെ തന്നെ അപേക്ഷിക്കാവുന്ന പ്രത്യേക ജോബ് സീക്കർ വിസിറ്റ് വിസ (UAE Jobseeker Visit Visa) ലഭ്യമാണ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) നൽകുന്ന ഈ വിസ വഴി വിദേശികൾക്ക് യുഎഇയിൽ 60, 90 അല്ലെങ്കിൽ 120 ദിവസത്തേക്ക് താമസിച്ച് തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ സാധിക്കും. യുവാക്കളായ പ്രതിഭകളെയും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും രാജ്യത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിസ സംവിധാനം നിലവിൽ വന്നത്.

യോഗ്യതാ മാനദണ്ഡങ്ങൾ

ഈ വിസയ്ക്ക് അപേക്ഷിക്കാൻ നിശ്ചിത യോഗ്യതകൾ ഉണ്ടായിരിക്കണം. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ (MOHRE) പ്രൊഫഷണൽ തൊഴിൽ വർഗ്ഗീകരണത്തിൽ ഒന്ന്, രണ്ട്, അല്ലെങ്കിൽ മൂന്ന് സ്കിൽ ലെവലിൽ ഉൾപ്പെട്ടവരായിരിക്കണം അപേക്ഷകർ. അതല്ലെങ്കിൽ, ലോകത്തിലെ മികച്ച 500 സർവ്വകലാശാലകളിൽ ഒന്നിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ബിരുദം കരസ്ഥമാക്കിയവരാകണം. കുറഞ്ഞത് ബാച്ചിലർ ബിരുദമോ അതിന് തുല്യമായ യോഗ്യതയോ ഒപ്പം നിശ്ചിത സാമ്പത്തിക ഗ്യാരണ്ടിയും സമർപ്പിക്കേണ്ടതുണ്ട്.

എം ഒ എച്ച് ആർ ഇ മാനദണ്ഡമനുസരിച്ച് സ്കിൽ ലെവൽ ഒന്നിൽ ലെജിസ്ലേറ്റർമാർ, മാനേജർമാർ, ബിസിനസ് എക്സിക്യൂട്ടീവുകൾ എന്നിവരും, ലെവൽ രണ്ടിൽ ശാസ്ത്ര സാങ്കേതിക മാനവിക മേഖലകളിലെ പ്രൊഫഷണലുകളും, ലെവൽ മൂന്നിൽ ഇതേ മേഖലകളിലെ ടെക്നീഷ്യന്മാരുമാണ് ഉൾപ്പെടുന്നത്. വിസയ്ക്ക് അപേക്ഷിക്കാൻ കളർ പാസ്പോർട്ട് സൈസ് ഫോട്ടോ, പാസ്പോർട്ട് കോപ്പി, സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്.

എങ്ങനെ അപേക്ഷിക്കാം?

ദുബൈയിൽ നിന്നുള്ള വിസയ്ക്ക് ജനറൽ ഡയറക്ടറേറ്റ് ഫോർ റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) വെബ്സൈറ്റ് വഴിയും മറ്റ് എമിറേറ്റുകളിലേക്ക് ഐ സി പി സ്മാർട്ട് സർവീസസ് പോർട്ടൽ വഴിയും അപേക്ഷ നൽകാം. യുഎഇ പാസ് (UAE PASS) ഉപയോഗിച്ചോ ഇമെയിൽ അക്കൗണ്ട് വഴിയോ ലോഗിൻ ചെയ്ത് വിവരങ്ങൾ നൽകി ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യാം. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി ഫീസ് അടച്ചാൽ ലഭിക്കുന്ന റഫറൻസ് നമ്പർ ഉപയോഗിച്ച് അപേക്ഷ ട്രാക്ക് ചെയ്യാം. വെറും 48 മണിക്കൂറിനുള്ളിൽ അപേക്ഷ പ്രൊസസ്സ് ചെയ്ത് ഇമെയിൽ വഴി അറിയിപ്പ് ലഭിക്കും.

ഫീസ് നിരക്കുകൾ

60 ദിവസത്തെ വിസയ്ക്ക് 200 ദിർഹവും, 90 ദിവസത്തെ വിസയ്ക്ക് 300 ദിർഹവും, 120 ദിവസത്തെ വിസയ്ക്ക് 400 ദിർഹവുമാണ് വിസ ഫീസ്. ഇതിനൊപ്പം അഞ്ച് ശതമാനം മൂല്യവർദ്ധിത നികുതിയും നൽകണം. കൂടാതെ തിരികെ ലഭിക്കുന്ന 1,060 ദിർഹത്തിന്റെ സാമ്പത്തിക ഗ്യാരണ്ടിയും ആവശ്യമാണ്. നിലവിൽ യുഎഇക്ക് ഉള്ളിലുള്ളവരാണ് അപേക്ഷിക്കുന്നതെങ്കിൽ ഇൻസൈഡ് കൺട്രി വിസ ചേഞ്ച് ഫീസായി 520 ദിർഹം അധികം നൽകേണ്ടിവരും.

Content Highlights:

The UAE Jobseeker Visit Visa allows skilled professionals to explore job opportunities in the country without a local sponsor. Available for durations of 60, 90, and 120 days, the visa targets graduates from top universities and MOHRE skill levels 1 to 3. Applications can be processed online via GDRFA or ICP within 48 hours. Eligible candidates must provide required documents and a refundable financial guarantee.

 

Latest