Uae
യു എ ഇക്ക് പുതിയ വിദേശ വ്യാപാര മന്ത്രാലയം
സാമ്പത്തിക മന്ത്രാലയത്തിന് പുതിയ പേര്

ദുബൈ | യു എ ഇ പുതിയ വിദേശ വ്യാപാര മന്ത്രാലയം സ്ഥാപിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണിത് സംബന്ധമായ പ്രഖ്യാപനം നടത്തിയത്. ഡോ. താനി അൽ സിയൂദിയാണ് പുതിയ വിദേശ വ്യാപാര മന്ത്രി. അബ്ദുല്ല ബിൻ തൂഖ് അൽ മർറി നേതൃത്വം നൽകുന്ന സാമ്പത്തിക മന്ത്രാലയത്തെ സാമ്പത്തിക, ടൂറിസം മന്ത്രാലയമായി പുനർനാമകരണം ചെയ്തു. മന്ത്രിസഭാ തീരുമാനങ്ങൾ എടുക്കുന്നതിന് പിന്തുണ നൽകുക, തീരുമാനങ്ങൾ ഉടനടി വിശകലനം ചെയ്യുക, സാങ്കേതിക ഉപദേശം നൽകുക, എല്ലാ മേഖലകളിലും സ്വീകരിക്കുന്ന സർക്കാർ നയങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് ഈ മാറ്റങ്ങൾ പ്രഖ്യാപിച്ച ശൈഖ് മുഹമ്മദ് വിശദീകരിച്ചു.
2026 ജനുവരി മുതൽ നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റത്തെ ക്യാബിനറ്റ്, മിനിസ്റ്റീരിയൽ ഡെവലപ്മെന്റ് കൗൺസിൽ, ഫെഡറൽ സ്ഥാപനങ്ങളുടെയും സർക്കാർ കമ്പനികളുടെയും ഡയറക്ടർ ബോർഡുകളും ഉപദേശക സമിതിയായി അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകം സമഗ്രമായ ഒരു പുനർനിർമാണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വരും ദശകങ്ങൾക്ക് വേണ്ടി തയ്യാറെടുക്കേണ്ടത് അത്യാവശ്യമാണെന്നും ശൈഖ് മുഹമ്മദ് ഓർമിപ്പിച്ചു. ഭാവി തലമുറയ്ക്ക് അഭിവൃദ്ധിയും മാന്യമായ ജീവിതവും ഉറപ്പാക്കുക എന്നതാണ് യു എ ഇയുടെ ലക്ഷ്യം.
ഡോ. താനി അൽ സിയൂദി