Connect with us

karipur plane crash

കരിപ്പൂര്‍ ദുരന്തത്തിന് രണ്ട് വര്‍ഷം

ക്രാഷിന്റെ വിശദീകരണം പുറത്തുവിട്ടാലേ സര്‍ക്കാര്‍ ബാധ്യതയും ചുമതലയും ഒഴിയൂവെന്ന് വാശിപിടിച്ച് സിന്ദാബാദിനിറങ്ങാന്‍ ആളില്ല. ആളപായങ്ങളുടെ ദുര്‍ഗതി നോക്കണേ!

Published

|

Last Updated

രിപ്പൂര്‍ വിമാന അപകടം നടന്നിട്ട് രണ്ട് വര്‍ഷം തികയുന്നു. സംഭവസ്ഥലത്ത് നിന്ന് ബ്ലാക്ക് ബോക്‌സ് വൈമാനിക അധികൃതര്‍ കണ്ടെടുത്തിരുന്നു. എവിടെ, ആര്‍ക്ക് പിഴവു പറ്റിയെന്ന് എത്രയും വേഗം വെളിപ്പെടുത്തുമെന്ന് സമ്മതിച്ചിരുന്നതുമാണ്. ഏവിയേഷന്‍ അന്വേഷണ വിഭാഗം തന്ന ഉറപ്പില്‍ സമാധാനിച്ചിരുപ്പു തുടങ്ങിയിട്ട് നാളേറെയായി. ബ്ലാക്ക് ബോക്‌സില്‍ രേഖപ്പെടുത്തിയ സംവാദ പരിശോധന ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നുണ്ടോ! ഇത്രയും കാലതാമസത്തിനു വകയില്ല. എല്ലാവരും ഉത്കണ്ഠയോടെ റിപോര്‍ട്ടിനായി കാത്തിരിക്കുന്നു. അനുഭവസ്ഥര്‍ നീറിപ്പുകയുന്ന വേദനകളില്‍ നിന്ന് തീര്‍ത്തും വിമുക്തരായിട്ടില്ലെന്ന് ഓര്‍ക്കണം. അപകടത്തിന്റെ യാഥാര്‍ഥ്യം അറിയുകയെന്നത് പൊതുജനത്തിന്റെ ജിജ്ഞാസ മാത്രമല്ല, അവകാശം കൂടിയാണ്. എയര്‍ ഇന്ത്യ പൂര്‍വിക ഉടമസ്ഥരായ ടാറ്റക്കു തിരിച്ചു വിറ്റത് ഒടിന്യായമല്ല. ക്രാഷിന്റെ വിശദീകരണം പുറത്തുവിട്ടാലേ സര്‍ക്കാര്‍ ബാധ്യതയും ചുമതലയും ഒഴിയൂവെന്ന് വാശിപിടിച്ച് സിന്ദാബാദിനിറങ്ങാന്‍ ആളില്ല. ആളപായങ്ങളുടെ ദുര്‍ഗതി നോക്കണേ!

കരിപ്പൂര്‍ എയര്‍ ഇന്ത്യാ ക്രാഷില്‍ 20 പേരാണ് മരിച്ചത്. ഗുരുതര പരുക്കുകളേറ്റവര്‍ അനവധി. ലാന്‍ഡിംഗിലുണ്ടായ പിഴവ് തന്നെയാണ് മുഖ്യ പാളിച്ചയെന്ന് ഊന്നിപ്പറയുന്നവരാണ് അധികവും. കാലാവസ്ഥയും കാറ്റും കണക്കുകൂട്ടല്‍ തെറ്റിച്ചു. പിന്നെ തത്രപ്പാടിലായി നീക്കങ്ങള്‍. റണ്‍വേയുടെ നടുക്ക് വിമാനം വന്നിറങ്ങിയത് തഞ്ചം പിഴവായി. വിമാനം നിയന്ത്രണം വിട്ട് മൂക്കുകുത്തി വീഴുകയും രണ്ടായി തകരുകയുമാണ് ചെയ്തത്. എന്‍ജിന്‍ ഓഫാക്കിയിരുന്നു. ഇന്ധനം പൈലറ്റുമാര്‍ മുന്നേ ചോര്‍ത്തി ക്കളഞ്ഞിരുന്നു. ഫ്‌ളൈറ്റ് കത്തിച്ചാമ്പലാകാതിരിക്കാനുള്ള മുന്‍കൂര്‍ പ്രതിവിധി. ഊഹാപോഹങ്ങള്‍ വിട്ട് അപകടത്തിന്റെ നിജസ്ഥിതി അറിയാന്‍ ബ്ലാക്ക് ബോക്‌സ് റെക്കോര്‍ഡ് തെളിവുകള്‍ക്കായി കാത്തിരിപ്പ് തുടരുകയാണ്.

ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങള്‍ രാജ്യത്ത് വേറെയുമുണ്ട്. കരിപ്പൂരടക്കം അഞ്ചെണ്ണം. സ്ഥല പരിമിതിയെ വേണ്ടവിധം ക്രമപ്പെടുത്തിയതും മലനിരകളിലുള്ളതുമായ ഉയരമുള്ള റണ്‍വേകള്‍. കരിപ്പൂരിലുണ്ടായ അപകടം തികച്ചും നിര്‍ഭാഗ്യകരമാണെന്നു പറയാം. അപകടത്തിനു തെല്ലു മുമ്പ് അതേ റണ്‍വേയില്‍ ഇന്‍ഡിഗോ വിമാനം പതിവു പോലെ വന്നിറങ്ങിയിരുന്നു.

കരിപ്പൂര്‍ അപകടത്തില്‍ മരണമടഞ്ഞ മുഖ്യ ക്യാപ്റ്റന്‍ ദീപക് വസന്ത് മുംബൈയിലെ പവ്വായ് നിവാസി ആയിരുന്നു. അദ്ദേഹം എണ്ണമറ്റ ഫ്‌ളൈറ്റുകള്‍ ദുര്‍ഘടം പിടിച്ച മഹാനഗരത്തില്‍ അപകടരഹിതമായി പുഷ്പം പോലെയിറക്കിയിട്ടുണ്ട്. വായു സേനയില്‍ ഏറെക്കാലം സേവനം ചെയ്ത ധീരന്‍. ക്യാപ്റ്റന്‍ പദവി നേടി. അക്കാലത്തെ മേജര്‍ യുദ്ധവിമാനമായ സോവിയറ്റ് നിര്‍മിത മിഗ് 21 പറത്തി പരിശീലിച്ചിട്ടുമുണ്ട്. 1981ല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സ്വേഡ് ഓഫ് ഓണര്‍ ബഹുമതി കരസ്ഥമാക്കി.

കോ പൈലറ്റ് ലഖ്നോ സ്വദേശി അഖിലേഷ് കുമാറിനും സുപരിചിതമാകണം ആകാശത്തിലെ അപകട വഴികള്‍. എന്നാല്‍ വിധി നിനച്ചിരിക്കാതെ അവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. എന്തായാലും കരിപ്പൂര്‍ വിമാന ദുരന്തത്തെ കുറിച്ചുള്ള സത്യസന്ധമായ അന്വേഷണ റിപോര്‍ട്ട് ഇനിയും കൂടുതല്‍ വൈകാതെ പുറത്തുവരണം.

Latest