Connect with us

From the print

സ്‌കൂൾ തുറക്കാൻ രണ്ടാഴ്ച; പാഠപുസ്തക വിതരണം 45 ദിവസത്തോളം വൈകും

കെ ബി പി എസ് മാനേജ്‌മെന്റിന്റെ പിടിപ്പുകേടെന്ന് ആരോപണം

Published

|

Last Updated

തൃശൂർ | പുതിയ അധ്യയനവർഷം ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ പാഠപുസ്തക വിതരണം വൈകുമെന്ന് റിപോർട്ട്. ആറ്, ഏഴ്, എട്ട് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ പൂർണസജ്ജമായി വിദ്യാർഥികളുടെ കൈകളിൽ എത്താൻ ഇനിയും കുറഞ്ഞത് 45 ദിവസത്തോളം എടുക്കുമെന്ന് കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി സ്റ്റാഫ് ആൻഡ് എംപ്ലോയീസ് യൂനിയൻ പ്രസിഡന്റും മുതിർന്ന ഐ എൻ ടി യു സി നേതാവുമായ കെ കെ ഇബ്‌റാഹീംകുട്ടി പറയുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആവശ്യമായ പുസ്തകങ്ങളുടെ 80 ശതമാനത്തോളം മാത്രമേ ഇതുവരെ അച്ചടിക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് സ്‌കൂളുകൾ തുറക്കുന്നതിന് മുന്പ് തന്നെ എല്ലാ പാഠപുസ്തകങ്ങളും കുട്ടികളിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നപ്പോൾ, യഥാർഥത്തിൽ വെറും 20 ശതമാനം പുസ്തകങ്ങൾ മാത്രമാണ് അച്ചടിച്ചിരുന്നതെന്ന് ഇബ്‌റാഹീംകുട്ടി ആരോപിച്ചു. പിന്നീട് മാധ്യമങ്ങൾ ഈ വിഷയം വലിയരീതിയിൽ ചർച്ചയാക്കിയതോടെയാണ് അച്ചടിനടപടികൾക്ക് അൽപ്പമെങ്കിലും വേഗത കൈവന്നത്. നിലവിൽ പത്താം ക്ലാസ്സിലെ പുസ്തകങ്ങളുടെ അച്ചടി മാത്രമാണ് പൂർണമായി പൂർത്തിയായിട്ടുള്ളത്.

യു ഡി എഫ് മന്ത്രിസഭക്ക് മുന്നിലെത്തുന്ന ആദ്യത്തെ വലിയ വെല്ലുവിളിയായി പുസ്തക പ്രതിസന്ധി മാറും. പാഠപുസ്തക വിതരണം ഇത്രത്തോളം വൈകാൻ കാരണം കെ ബി പി എസ് മാനേജ്‌മെന്റിന്റെയും മാനേജിംഗ് ഡയറക്ടറുടെയും കാര്യക്ഷമതയില്ലായ്മയാണെന്ന് യൂനിയൻ നേതാവ് ആരോപിച്ചു. തമിഴ്നാട്ടിലെ കടലാസ് മില്ലുകൾക്ക് നൽകാനുണ്ടായിരുന്ന കോടികളുടെ പണമിടപാട് കുടിശ്ശികയെക്കുറിച്ച് മാനേജ്‌മെന്റ്കൃത്യസമയത്ത് സർക്കാറിനെ അറിയിച്ചില്ല. ഇതുകാരണം മില്ലുകളിൽ നിന്ന് കടലാസ് ലഭിക്കുന്നത് തടസ്സപ്പെടുകയും അച്ചടിയും ബൈൻഡിംഗും പൂർണമായി വൈകുകയുമായിരുന്നു. മാധ്യമങ്ങൾ ഈ വാർത്ത പുറത്തുകൊണ്ടുവന്നതിന് ശേഷം മാത്രമാണ് ഏഴ് കോടി രൂപ മില്ലുകൾക്ക് അടിയന്തരമായി അനുവദിച്ചത്. നിലവിൽ പുസ്തകങ്ങൾ അച്ചടിച്ച വകയിൽ മാത്രം സർക്കാർ 300 കോടിയോളം കെ ബി പി എസിന് നൽകാനുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും യു ഡി എഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ ഏതാണെന്നോ, പൊതുവിദ്യാഭ്യാസ വകുപ്പ് ആരാണ് കൈകാര്യം ചെയ്യുകയെന്നോ ഉള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ലാത്തതും ആശയക്കുഴപ്പത്തിന് കാരണമാണ്.

സംസ്ഥാനത്ത് ആകെ അച്ചടിക്കേണ്ട 3,57,05,475 പാഠപുസ്തകങ്ങളിൽ ഈ മാസം 18 വരെയുള്ള കണക്കനുസരിച്ച് 2,85,51,000 പുസ്തകങ്ങൾ മാത്രമാണ് അച്ചടിച്ചിട്ടുള്ളത്. ഇതിൽ തന്നെ ബൈൻഡിംഗ് പൂർത്തിയായത് 2,48,95,000 പുസ്തകങ്ങളുടേത് മാത്രമാണ്. നിലവിൽ 71,54,476 പുസ്തകങ്ങൾ ഇനിയും അച്ചടിക്കാനുണ്ട്. കൂടാതെ 1.08 കോടിയോളം പുസ്തകങ്ങളുടെ ബൈൻഡിംഗ് ജോലികളും ബാക്കിയാണ്.

യന്ത്രങ്ങൾ യാതൊരു തകരാറുമില്ലാതെ തുടർച്ചയായി പ്രവർത്തിച്ചാൽ പോലും ഒരു ദിവസം പരമാവധി മൂന്ന് ലക്ഷം പുസ്തകങ്ങൾ മാത്രമേ ബൈൻഡിംഗ് പൂർത്തിയാക്കാൻ സാധിക്കൂ. ഈ കണക്കനുസരിച്ച് ബാക്കിയുള്ള ജോലികൾ തീർക്കാൻ ചുരുങ്ങിയത് 45 ദിവസത്തോളം സമയമെടുക്കും. അതിനുശേഷം മാത്രമേ ഇവ സ്‌കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനും കുട്ടികൾക്ക് വിതരണം ചെയ്യാനും സാധിക്കുകയുള്ളൂ. ഇതിനും കുറച്ചു ദിവസങ്ങൾ എടുക്കും.

Latest