From the print
"എന്റെ വേദന മറ്റൊരമ്മക്കും ഉണ്ടാകാതിരിക്കട്ടെ' സുപ്രീം കോടതി വിധിയിൽ ആശ്വാസം പ്രകടിപ്പിച്ച് അഭിരാമിയുടെ മാതാവ് രജനി
2022 ആഗസ്റ്റ് 13ന് രാവിലെ പാൽ വാങ്ങാൻ പോകുമ്പോഴാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്
പത്തനംതിട്ട | നായ പ്രേമികളുടെ അപ്പീൽ തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുകയാണ് പേവിഷബാധയേറ്റു മരിച്ച അഭിരാമിയുടെ മാതാവ് രജനി. 2022 സെപ്തംബർ അഞ്ചിനാണ് റാന്നി പെരുനാട് ചേർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷിന്റെയും രജനിയുടെയും മകളായ അഭിരാമി(12) മരിച്ചത്. അഭിരാമിയുടെ ഓർമകളിൽ നീറി ജീവിക്കുന്ന രജനിക്ക് സുപ്രീം കോടതിയുടെ വിധി ആശ്വാസമായിരിക്കയാണ്.
2025ൽ മൃഗക്ഷേമ ബോർഡ് ഇറക്കിയ സർക്കുലറിനെതിരെ നായപ്രേമികൾ നൽകിയ അപ്പീൽ തള്ളിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നായകളുടെ ആക്രമണത്തിൽ മരണപ്പെട്ട നിരവധി ആളുകളുടെ ബന്ധുക്കൾക്ക് ആശ്വാസം നൽകുന്നതാണെന്ന് രജനി പറഞ്ഞു. കേരളത്തിലെ പുതിയ സർക്കാറും കേന്ദ്ര സർക്കാരും സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രജനി പറഞ്ഞു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായകളെ ഷെൽട്ടറുകളിലെക്ക് മാറ്റുകയും അക്രമണാത്മക സ്വഭാവമുള്ള നായകളെ ദയാവധം നടത്തുകയും ചെയ്യണമെന്നാണ് കോടതി ഉത്തരവ്.
2022 ആഗസ്റ്റ് 13ന് രാവിലെ പാൽ വാങ്ങാൻ പോകുമ്പോഴാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേർന്നഭാഗത്തും കടിച്ചു. ഏഴ് മുറിവുകളുണ്ടായിരുന്നു. കരച്ചിൽകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ കണ്ണിൽ മണ്ണുവാരിയിട്ട് കുട്ടിയെ രക്ഷിച്ചത്. വാഹനസൗകര്യം കുറവായ സ്ഥലത്തുനിന്ന് ബൈക്കിൽ കയറ്റിയാണ് കുട്ടിയെ ആറ് കിലോമീറ്ററോളം ദൂരെ പെരുനാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചത്. ഇവിടെ ഡോക്ടറുണ്ടായിരുന്നില്ല. തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിരാമിക്ക് ആദ്യ ഡോസ് വാക്‌സീനും ഹീമോഗ്ലോബിനും നൽകി. രണ്ട് ദിവസത്തെ കിടത്തി ചികിത്സക്കുശേഷം 15ന് ഡിസ്ചാർജ് ചെയ്തു. തുടർന്ന് മൂന്ന് ഡോസ് പേവിഷ പ്രതിരോധ വാക്‌സീനും എടുത്തു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം ചികിത്സക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപവത്കരിച്ചിരുന്നു. എന്നാൽ മൂന്ന് ഡോസ് വാക്‌സീൻ എടുത്തിട്ടും കുട്ടി അതീവ ഗുരുതരാവസ്ഥയിലായി. വീണ്ടും പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ആരോഗ്യനില കൂടുതൽ വഷളായതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവിടെ വെച്ച് പേ വിഷബാധ സ്ഥിരീകരിക്കുകയും മരിക്കുകയുമായിരുന്നു. മരണം ചികിത്സാ പിഴവ് മൂലമാണെന്ന ആരോപണം ഉയർന്നിരുന്നു. അന്ന് ആരോഗ്യ മന്ത്രിയും ജില്ലാ കലക്ടറുമുൾപ്പടെയുള്ളവർ വീട് സന്ദർശിക്കാൻ പോലും തയ്യാറായില്ലെന്ന് രജനി പറഞ്ഞു.
ഇതിനിടെ, തെരുവുനായ ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി 2016ൽ സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് എസ് സിരിജഗൻ കമ്മിറ്റി 14.55 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് റാന്നി- പെരുനാട് ഗ്രാമപഞ്ചായത്തിന് നിർദേശം നൽകിയിരുന്നു. ഇതിൽ മൂന്ന് ലക്ഷം രൂപ കൈമാറി. ഗ്രാമപഞ്ചായത്തിന് ആവശ്യമായ ഫണ്ടില്ലെന്നാണ് ബാക്കി തുക കൈമാറുന്നതിന് തടസ്സമായി പറയുന്നതെന്ന് രജനി പറഞ്ഞു. മൈലപ്ര സേക്രട്ട് ഹാർട്ട് സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർഥിനിയായിരുന്നു അഭിരാമി. സഹോദരൻ: കാശിനാഥ്.







