Uae
ദ്വിരാഷ്ട്ര പരിഹാരം; യു എ ഇ പ്രതിനിധി സംഘത്തെ അബ്ദുല്ല ബിൻ സായിദ് നയിച്ചു
ഉന്നതതല സമ്മേളനം ന്യൂയോർക്കിൽ നടന്നു

അബൂദബി|ന്യൂയോർക്കിൽ നടന്ന 80ാമത് യു എൻ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി ഫലസ്തീൻ പ്രശ്‌നത്തിന്റെ സമാധാനപരമായ പരിഹാരത്തിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനും വേണ്ടിയുള്ള ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിൽ യു എ ഇ പ്രതിനിധി സംഘം പങ്കെടുത്തു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്്യാൻ സംഘത്തെ നയിച്ചു. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികളുള്ളതും ഇസ്്റാഈലുമായി സമാധാനത്തിലും സുരക്ഷയിലും സഹവർത്തിത്വമുള്ളതുമായ ഒരു സ്വതന്ത്ര, പരമാധികാര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിബദ്ധതയുടെ ഒരു പ്രധാന ഓർമപ്പെടുത്തലാണ് ഈ സമ്മേളനം.
ഇസ്റാഈലിനൊപ്പം സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും അന്തസ്സോടെയും ജീവിക്കുന്ന ഒരു ഫലസ്തീൻ രാഷ്ട്രം ഉണ്ടാകുന്നതുവരെ മേഖലയിൽ സമാധാനം ഉണ്ടാകില്ലെന്ന് യു എ ഇ വ്യക്തമാക്കിയിട്ടുണ്ട്. ദ്വിരാഷ്ട്ര പരിഹാരമാണ് മേഖലയിൽ ശാശ്വത സമാധാനത്തിനും സ്ഥിരതക്കും വേണ്ടിയുള്ള ഏക പ്രായോഗിക മാർഗം. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിലുള്ള വർധനവ്, നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങളെ യു എ ഇ സ്വാഗതം ചെയ്തു.
സമ്മേളനത്തിന് നേതൃത്വം നൽകിയ സഊദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെയും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും യു എ ഇ അഭിനന്ദിച്ചു.
സമ്മേളനത്തിന് മുന്നോടിയായി, ദ്വിരാഷ്ട്ര പരിഹാരം സംബന്ധിച്ച് യു എൻ പൊതുസഭ പാസാക്കിയ പ്രമേയത്തെ യു എ ഇ 142 രാജ്യങ്ങൾക്കൊപ്പം സഹകരിക്കുകയും അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു.