Idukki
ഇടുക്കിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
ഇടുക്കി സര്‍വേ ഓഫീസിലെ ഹെഡ് സര്‍വേയര്‍ ശ്രീകുമാര്‍, പീരുമേട് ചരിവ് പുരയിടത്തില്‍ പ്രശാന്ത് എന്നിവരാണ് മരിച്ചത്.

ഇടുക്കി | ഇടുക്കി പാമ്പനാര്‍ കല്ലാര്‍കവലക്ക് സമീപത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഇടുക്കി സര്‍വേ ഓഫീസിലെ ഹെഡ് സര്‍വേയര്‍ ശ്രീകുമാര്‍ (45), കാര്‍ ഓടിച്ചിരുന്ന പീരുമേട് ചരിവ് പുരയിടത്തില്‍ പ്രശാന്ത് (36) എന്നിവരാണ് മരിച്ചത്.
പഴയ പാമ്പനാര്‍ പമ്പിലേക്ക് പെട്രോള്‍ അടിക്കാന്‍ പോയ കാര്‍ നിയന്ത്രണം വിട്ട് ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും പീരുമേട് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രശാന്ത് വഴി മധ്യേയും ശ്രീകുമാര്‍ താലൂക്ക് ആശുപത്രിയില്‍ വച്ചും മരിച്ചു.
പീരുമേട് ട്രൈബ്യൂണല്‍ ജഡ്ജി കെ എസ് അനില്‍കുമാറിന്റെ ഡ്രൈവറായി മൂന്നു വര്‍ഷത്തോളമായി ജോലി ചെയ്തുവരികയാണ് പ്രശാന്ത്. ഗുരുതരമായി പരുക്കേറ്റ പ്രശാന്തിനെ അതുവഴി വന്ന വാഹന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശ്രീകുമാറിന്റെ ഭാര്യ സിമിലി പീരുമേട് താലൂക്കോഫീസിലെ ക്ലാര്‍ക്കാണ്. ഏക മകള്‍: പാര്‍വതി (കുട്ടിക്കാനം മരിയന്‍ കോളജ് വിദ്യാര്‍ഥിനി). മൃതദേഹം പീരുമേട് സിവില്‍ സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് ശേഷം സ്വദേശമായ കൊട്ടാരക്കര പട്ടാഴിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
പ്രശാന്തിന്റെ ഭാര്യ: സ്മിത, മക്കള്‍: പ്രശോഭ്, പ്രണവ്. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.