Kerala
കരിങ്കരപ്പുള്ളിയില്‍ കുഴിച്ചിട്ട രണ്ട് മൃതദേഹങ്ങള്‍ ഇന്ന് പുറത്തെടുത്ത് പരിശോധിക്കും; സ്ഥലം ഉടമ കസ്റ്റഡിയില്‍
പന്നിക്ക് വെച്ച വൈദ്യുതി കെണിയില്‍ കുടുങ്ങിയാണ് യുവാക്കള്‍ മരിച്ചതെന്നും ഭയന്നാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്നുമാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

പാലക്കാട് | കരിങ്കരപ്പുള്ളിയില്‍ കുഴിച്ചിട്ട രണ്ട് മൃതദേഹങ്ങള്‍ ഇന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തും. നടപടിക്രമങ്ങള്‍ക്കായി പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. രണ്ട് മൃതദേഹങ്ങളും ഷോക്കേറ്റ് മരിച്ചവരുടേതെന്ന് സംശയം. സ്ഥലം ഉടമ അനന്തന്‍ പോലീസ് കസ്റ്റഡിയിലാണ്. പന്നിക്ക് വെച്ച വൈദ്യുതി കെണിയില്‍ കുടുങ്ങിയാണ് യുവാക്കള്‍ മരിച്ചതെന്നും ഭയന്നാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്നുമാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
.മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കൊട്ടേക്കാട് ഭാഗത്ത് നിന്ന് കാണാതായ യുവാക്കളുടേതെന്ന് സംശയിക്കുന്നു. പ്രദേശത്ത് രണ്ടുദിവസം മുന്‍പ് ഒരു സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് യുവാക്കള്‍ ബന്ധുവീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. പോലീസ് അന്വേഷിച്ച് വരുന്നു എന്ന് മനസിലാക്കി മറ്റൊരിടത്തേയ്ക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാകാം അത്യാഹിതം സംഭവിച്ചതെന്നാണ് കരുതുന്നത്.
മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരുടെതെന്നാണ് പോലീസിന്റെ സംശയം