From the print
സ്‌കൂളിന് പുറത്ത് രണ്ട് കോടി കുട്ടികൾ
സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഗാർഹിക ഉത്തരവാദിത്വങ്ങൾ വെല്ലുവിളി. കൊഴിഞ്ഞുപോകുന്ന കുട്ടികളെ മുഖ്യധാരയിലെത്തിക്കാൻ കേന്ദ്ര പദ്ധതി
കണ്ണൂർ | 14നും 18നുമിടയിൽ പ്രായമുള്ള രണ്ട് കോടിയിലധികം കുട്ടികൾ രാജ്യത്ത് സ്‌കൂൾ വിദ്യാഭ്യാസത്തിന് പുറത്താണെന്ന് കണ്ടെത്തൽ. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പി എൽ എഫ് എസ്) യിലാണ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ വിദ്യാഭ്യാസം തീരെ ലഭിക്കുകയോ ചെയ്യാത്ത കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. രാജ്യത്ത് ഒന്നാം ക്ലാസ്സിൽ പ്രവേശിക്കുന്ന നൂറ് കുട്ടികളിൽ 62 പേർ മാത്രമാണ് 12ാം ക്ലാസ്സ് വരെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതെന്നും കണ്ടെത്തലുകളുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഗാർഹിക ഉത്തരവാദിത്വങ്ങൾ, ഉപജീവനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ എന്നിവയാണ് കുട്ടികൾ സ്‌കൂളിൽ നിന്ന് കൊഴിഞ്ഞുപോകുന്നതിന് കാരണമാകുന്ന പ്രധാന ഘടകങ്ങളെന്ന്, സർവേ വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂൾ വിദ്യാഭ്യാസ- സാക്ഷരതാ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ രാജ്യത്ത് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച കുട്ടികളെ വീണ്ടും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിപുലമായ പദ്ധതികൾക്ക് രൂപം നൽകി.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്‌കൂളിംഗ്, സംസ്ഥാന ഓപൺ സ്‌കൂളുകൾ എന്നിവ വഴി ഓപൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് പോലുള്ള ലളിതമായ പഠന മാർഗങ്ങൾ ഒരുക്കാനാണ് സ്‌കൂൾ വിദ്യാഭ്യാസ- സാക്ഷരതാ വകുപ്പിന്റെ തീരുമാനം. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള അവസാനത്തെ ഗുണഭോക്താവായ കുട്ടിക്ക് വരെ മികച്ച വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ പദ്ധതിയുടെ പ്രാരംഭ നടത്തിപ്പിനായി പത്ത് ജില്ലകളെ പൈലറ്റ് ജില്ലകളായി തിരഞ്ഞെടുത്തിട്ടുണ്ട്. ഒഡിഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ബിഹാർ, ഉത്തർ പ്രദേശ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിലെ ജില്ലകളാണ് ഇതിൽ ഉൾപ്പെടുന്നത്.
പദ്ധതി സുഗമമായി നടപ്പാക്കുന്നതിനായി പങ്കാളികളാകുന്ന സംസ്ഥാനങ്ങളുമായി ഇത് സംബന്ധിച്ച കരാറുകളിൽ വിദ്യാഭ്യാസ മന്ത്രാലയം ഒപ്പുവെക്കും. പൈലറ്റ് ജില്ലകളിൽ നിന്നുള്ള അനുഭവങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാകും പദ്ധതി രാജ്യം മുഴുവൻ വ്യാപിപ്പിക്കുക.
അതേസമയം, പത്ത് വർഷത്തിനിടെ രാജ്യത്തെ സർക്കാർ സ്‌കൂളുകളുടെ എണ്ണത്തിലും പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായതായി നിതി ആയോഗിന്റെ റിപോർട്ട് ചൂണ്ടിക്കാട്ടുന്നു. 2014- 15ൽ 11.07 ലക്ഷമായിരുന്ന സർക്കാർ സ്‌കൂളുകൾ പത്ത് വർഷത്തിനിപ്പുറം 10.13 ലക്ഷമായി ചുരുങ്ങിയെന്നാണ് റിപോർട്ട്.
വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കും സീറോ എൻറോൾമെന്റ്സ്‌കൂളുകളും (അധ്യയന വർഷത്തിൽ പുതിയ വിദ്യാർഥികൾ ചേരാത്ത അവസ്ഥ) ആശങ്കക്കിടയാക്കുന്നതായി “സ്‌കൂൾ എജ്യുക്കേഷൻ സിസ്റ്റം ഇൻ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
രാജ്യത്ത് 7,993 സ്‌കൂളുകളിൽ ഒരു വിദ്യാർഥി പോലും പഠിക്കുന്നില്ലെന്നാണ് നിതി ആയോഗിന്റെ കണ്ടെത്തൽ. പശ്ചിമ ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള സ്‌കൂളുകൾ ഏറ്റവും കൂടുതലായുള്ളത്. സെക്കൻഡറി തലത്തിൽ കൊഴിഞ്ഞുപോക്ക് നിരക്ക് ദേശീയതലത്തിൽ 11.5 ശതമാനമാണ്.
കേരളത്തിന് മികച്ച നിലവാരം
എന്നാൽ, കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ കണക്കുകൾ മികച്ച നിലവാരം പുലർത്തുന്നതായി നിതി ആയോഗ് റിപോർട്ട് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ആകെ 15,757 സ്‌കൂളുകൾ വിവിധ തലങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്.
2024- 25 കാലയളവിലെ മൊത്തം എൻറോൾമെന്റ് അനുപാതം (ജി ഇ ആർ) പ്രൈമറി തലത്തിൽ 93.2 ശതമാനം, അപ്പർ പ്രൈമറിയിൽ 98.9 ശതമാനം, സെക്കൻഡറിയിൽ 98.7 ശതമാനം എന്നിങ്ങനെയാണ്. ഹയർ സെക്കൻഡറി തലത്തിൽ ഇത് 89.5 ശതമാനം ആയി തുടരുന്നു. സ്‌കൂൾ തലങ്ങൾക്കിടയിലുള്ള കുട്ടികളുടെ മാറ്റം വളരെ ഉയർന്നതാണെന്നും റിപോർട്ട് പറയുന്നു.







