Connect with us

From the print

പെൻഷൻ മുതൽ സൗജന്യയാത്ര വരെ; ആദ്യ തീരുമാനങ്ങൾക്കായി കാത്ത് കേരളം

ആശാ വർക്കർമാരുടെ സമരത്തിനിടെ സമരപ്പന്തലിലെത്തി ഒാണറേറിയം വർധിപ്പിക്കുമെന്ന് വി ഡി സതീശൻ ഉറപ്പ് നൽകിയിരുന്നു.

Published

|

Last Updated

കോഴിക്കോട് | വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു ഡി എഫ് സർക്കാർ അധികാരമേൽക്കുമ്പോൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ ജനപ്രിയ തീരുമാനങ്ങളുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് കേരളം. സാമൂഹിക പെൻഷൻ 3,000 രൂപയാക്കുക, കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ആശാ വർക്കർമാരുടെ ഒാണറേറിയം 21,000 രൂപയാക്കുക, യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ പലിശരഹിത വായ്പ, 25 ലക്ഷം രൂപയുടെ സൗജന്യ ഇൻഷ്വറൻസ്, പെൺകുട്ടികളുടെ കോളജ് വിദ്യാഭ്യാസത്തിന് പ്രതിമാസം 1,000 രൂപ, മുതിർന്ന പൗരൻമാർക്കായി പ്രത്യേക വകുപ്പ് തുടങ്ങിയ വാഗ്‌ദാനങ്ങളുമായാണ് യു ഡി എഫ് അധികാരത്തിലെത്തിയത്. ഇതിൽ ഏതൊക്കെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനമാകുമെന്നാണ് സംസ്ഥാനമൊട്ടാകെ ഉറ്റുനോക്കുന്നത്.

ആശാ വർക്കർമാരുടെ സമരത്തിനിടെ സമരപ്പന്തലിലെത്തി ഒാണറേറിയം വർധിപ്പിക്കുമെന്ന് വി ഡി സതീശൻ ഉറപ്പ് നൽകിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ആശാ വർക്കർമാർ അദ്ദേഹത്തെ സന്ദർശിച്ച് ഈ വിഷയം വീണ്ടും ഉന്നയിക്കുകയും ചെയ്തു. വാഗ്‌ദാനം നടപ്പാക്കുമെന്ന ഉറപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.

അതേസമയം, കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്ന പ്രഖ്യാപനം ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനമാകുമോയെന്ന ആകാംക്ഷയിലാണ് വനിതാ സമൂഹം. എന്നാൽ ഇത് സർക്കാറിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നിലവിൽ കെ എസ് ആർ ടി സിയുടെ ശമ്പളവും പെൻഷനും സർക്കാർ സഹായത്തോടെയാണ് വിതരണം ചെയ്യുന്നത്. സൗജന്യ യാത്ര നടപ്പാക്കാൻ അധിക ധനസമാഹരണം സർക്കാറിന് അനിവാര്യമായി വരും.

സാമൂഹിക സുരക്ഷാ പെൻഷൻ 3,000 രൂപയാക്കുന്നതും സർക്കാറിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. നിലവിൽ 2,000 രൂപ പെൻഷൻ നൽകാൻ തന്നെ പ്രതിമാസം ഏകദേശം 1,050 കോടി രൂപ ചെലവാകും. ഇത് 3,000 രൂപയാക്കിയാൽ ചെലവ് ഗണ്യമായി ഉയരും. പെൻഷൻ മുടങ്ങാതിരിക്കാൻ ഇടതുമുന്നണി സർക്കാർ സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് രൂപവത്കരിച്ച് ബജറ്റിന് പുറത്തുള്ള വായ്പയിലൂടെ തുക കണ്ടെത്തിയിരുന്നു. എന്നാൽ ഈ രീതിയെ യു ഡി എഫ് നേരത്തേ വിമർശിച്ചിരുന്നു. അതിനാൽ പുതിയ സർക്കാർ പെൻഷൻ വിതരണം എങ്ങനെ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുമെന്നത് ശ്രദ്ധേയമാണ്.

25 ലക്ഷം രൂപയുടെ സൗജന്യ ഇൻഷ്വറൻസ് പരിരക്ഷയും കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസ ധനസഹായവും സർക്കാറിന് സാമ്പത്തിക ബാധ്യതയാകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫിന്റെ പ്രധാന വാഗ്ദാനങ്ങൾ ഉൾപ്പെടുത്തി “ഇന്ദിര ഗ്യാരണ്ടി കാർഡ്’ സംസ്ഥാനത്തുടനീളം വിതരണം ചെയ്തിരുന്നു. വീടുകൾ സന്ദർശിച്ച് കുടുംബങ്ങളുമായി നേരിട്ട് സംവദിച്ച നേതാക്കൾ, അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.

വലിയ പ്രതീക്ഷകളോടെയാണ് ജനങ്ങൾ പുതിയ സർക്കാറിനെ അധികാരത്തിലെത്തിച്ചത്. അതുകൊണ്ടുതന്നെ ആദ്യ മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുന്ന തീരുമാനങ്ങൾ എന്തൊക്കെയെന്ന കാത്തിരിപ്പിലാണ് കേരളം.

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest